e

കൊച്ചി: കണ്ണൂരിൽ റോഡിൽ പന്തൽകെട്ടി പ്രതിഷേധ യോഗം നടത്തിയതുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസിൽ സി.പി.എം നേതാക്കൾ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം. ഇ.പി. ജയരാജൻ, എം.വി. ജയരാജൻ, പി. ജയരാജൻ, കെ.വി. സുമേഷ് എന്നിവർ ഒക്ടോബർ 6ന് ഉച്ചക്ക് 2ന് ഹാജരാകാനാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുടെ നിർദ്ദേശം. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ, ടൗൺ സ്റ്റേഷൻ എസ്.എച്ച്.ഒ എന്നിവരും ഹാജരാകണം. കേസിലെ എതിർകക്ഷികളായ മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മുൻ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് എന്നിവരെ നേരിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി. കൊച്ചി സ്വദേശി എൻ. പ്രകാശിന്റെ ഹർജിയിലാണ് നടപടി.

കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് ഇടതുമുന്നണി ഫെബ്രുവരി 25ന് നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധമാണ് കോടതിഅലക്ഷ്യത്തിന് കാരണമായത്. വഞ്ചിയൂരിലെ സമാന സംഭവത്തിൽ ഹൈക്കോടതി വിശദമായ ഉത്തരവിറക്കിയിരുന്നു. ഇതിലെ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും പൊലീസ് നിഷ്ക്രിയമായിരുന്നെന്നും ബെഞ്ച് വിലയിരുത്തി.