
പെരുമ്പാവൂർ: കോടനാട് അഭയാരണ്യം മുതൽ പണിയേലി പോരു വരെ പെരിയാറിന്റെ തീരത്തുകൂടി പുഴയോര പാത നിർമ്മിക്കാനുള്ള പദ്ധതിയുടെ കാര്യത്തിൽ അവ്യക്തത തുടരുന്നു. ഒരു വർഷം മുൻപ് വിനോദസഞ്ചാര വകുപ്പ് അധികൃതർ സ്ഥലപരിശോധന നടത്തിയിരുന്നുവെങ്കിലും പിന്നീട് യാതൊരു പരോഗതിയും ഉണ്ടായിട്ടില്ല. പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വിനോദസഞ്ചാര വകുപ്പിന് പോലും വ്യക്തതയില്ല.
കോടനാട് അഭയാരണ്യം മുതൽ പണിയേലി പോരു വരെ ഏകദേശം 12 കിലോമീറ്റർ ദൂരമുണ്ട്. ഇതിനിടയിൽ നെടുമ്പാറ ചിറ, ഹരിത ബയോ പാർക്ക്, പാണംകുഴി ഇക്കോ ടൂറിസം പോയിന്റ്, പുലിയണിപ്പാറ ബഹൻ ദ്വീപ് (വെമ്പൂരം ദ്വീപ്), ചൂരമുടിയിലെ പാണിയേലി പോര് എന്നിങ്ങനെ ഏഴ് ടൂറിസ്റ്റ് കേന്ദ്രങ്ങളാണുള്ളത്.
പുഴയോര പാത യാഥാർത്ഥ്യമായാൽ മലയാറ്റൂരിലേക്കുള്ള യാത്രയും എളുപ്പമാകും. ഇത് മലയാറ്റൂരിന്റെ വികസനത്തിനും സഹായകമാകും. പെരിയാർ രണ്ടായി പിരിഞ്ഞ് രൂപപ്പെട്ട 10 ഏക്കർ വിസ്തൃതിയുള്ള ബഹൻ ദ്വീപിന്റെ (വെമ്പൂരം ദ്വീപ്) വികസനവും സാദ്ധ്യമാകും. ഇവിടെ പരീക്ഷണ തടയണ നിർമ്മിക്കാൻ കരിങ്കല്ല് ഇറക്കിയെങ്കിലും നടപ്പായില്ല.
മോട്ടോർ വാഹനങ്ങൾ അനുവദിക്കാൻ കഴിയില്ലെങ്കിൽ സഞ്ചാര പാതയായും സൈക്കിൾ പാതയായും ഇത് വികസിപ്പിക്കാം.
പദ്ധതിയുടെ പ്രാധാന്യം
1. പദ്ധതി യാഥാർത്ഥ്യമായാൽ വേങ്ങൂർ, കൂവപ്പടി പഞ്ചായത്തുകൾക്കൊപ്പം അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിന്റെയും വികസനം ത്വരിതഗതിയിലാകും. നിലവിൽ പ്രവർത്തിക്കുന്ന ഏഴ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നുള്ള തിരക്ക് വർദ്ധിക്കാനും ഇത് വഴിവയ്ക്കും.
2. പെരിയാർ തീരത്ത് എട്ടടി ഉയരത്തിൽ കരിങ്കല്ലുകെട്ടി പാത നിർമ്മിക്കുന്നതിലൂടെ പുഴയുടെ സൗന്ദര്യം ആസ്വദിച്ച് സഞ്ചരിക്കാനും തീരസംരക്ഷണത്തിനും സാധിക്കും. പുഴ കടന്നെത്തുന്ന കാട്ടാനകൾ കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും എത്തുന്നത് തടയാനും ഇത് സഹായിക്കും.
3. ഭൂതത്താൻകെട്ട് വരെ ഈ പാത നീട്ടിയാൽ ടൂറിസത്തിന് വലിയ സാദ്ധ്യതകളുണ്ടാകും. കർഷകരുടെ ആനശല്യം ഒഴിവാക്കാനും പുഴയോര സംരക്ഷണത്തിനും ഇത് ഒരുമിച്ച് സഹായകമാകും.
4. പദ്ധതിക്ക് സ്ഥലം ലഭിക്കാൻ ആരുടെയും എതിർപ്പ് നേരിടേണ്ടി വരില്ല. നഷ്ടപരിഹാരം നൽകേണ്ട ആവശ്യവുമില്ല. നിർമ്മാണത്തിനുള്ള പാറ പോലുള്ള അസംസ്‌കൃത വസ്തുക്കൾക്ക് ചെലവ് കുറവാണ്.