mla
കളക്ട്രേറ്റിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത അയ്യൻകുഴി നിവാസികൾ അനുകൂലമായ തീരുമാനത്തിന് ശേഷം പി.വി. ശ്രീനിജിൻ എം.എൽ.എയോടൊപ്പം

കോലഞ്ചേരി: നാല് പതിറ്റാണ്ട് പിന്നിട്ട അതിജീവന പോരാട്ടത്തിനൊടുവിൽ അമ്പലമേട് അയ്യൻകുഴി നിവാസികൾക്ക് ആശ്വസിക്കാനുള്ള തീരുമാനമെത്തി. ഇന്നലെ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ഇവരുടെ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച വിഷയം ബി.പി.സി.എല്ലിന്റെ ബോർഡ് യോഗത്തിൽ വയ്ക്കുന്നതിന് തീരുമാനമായി. എച്ച്.ഒ.സി, ബി.പി.സി.എൽ കമ്പനികൾക്ക് ഇടയിലായി ഒമ്പതര ഏക്കറോളം വരുന്ന ഭാഗത്തായി താമസിക്കുന്ന 42 കുടുംബങ്ങളാണ് വായു, ജല, ശബ്ദ മലിനീകരണം കൊണ്ട് പൊറുതിമുട്ടി ദുരിതജീവിതം അനുഭവിച്ചിരുന്നത്. കഴിഞ്ഞ ജൂലൈ 8ന് റിഫൈനറിയിലെ ഭൂഗർഭ കേബിൾ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ പ്രദേശമാകെ പുക വ്യാപിച്ചതോടെ 29 കുടുംബങ്ങളെ താത്കാലികമായി ചോറ്റാനിക്കരയിലെ ലോഡ്ജിലേയ്ക്ക് മാറ്റിയിരുന്നു. റിഫൈനറിയിൽ നിന്നുമാണ് ഇവർക്ക് ഭക്ഷണവും വാടകയും നൽകിയിരുന്നത്. കഴിഞ്ഞ 26 മുതൽ ഇത് നിറുത്തിയതോടെ ലോഡ്ജ് ഉടമ അവിടെ നിന്ന് മാറണമെന്ന് അറിയിച്ചു. എന്നാൽ അധികൃതരെത്തി അറിയിപ്പ് നൽകാതെ മാറില്ലെന്ന് താമസക്കാർ നിലപാട് എടുത്തതോടെ കാര്യങ്ങൾ സംഘർഷാവസ്ഥയിലേയ്ക്ക് നീങ്ങി. സബ് കളക്ടറെ തടയുന്ന സ്ഥിതി വരെ എത്തിയിരുന്നു. പ്രശ്നത്തിൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഇടപെട്ട് കളക്ടറേറ്റിൽ നടത്തിയ ചർച്ചയിൽ നിലവിൽ താമസിപ്പിച്ചിരിക്കുന്ന ലോഡ്ജിൽ നിന്ന് ആളുകളെ മാ​റ്റി പാർപ്പിക്കുവാനും ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ എം.എൽ.എ മുൻകൈയെടുത്ത് തിരുവനന്തപുരത്ത് വച്ച് കൂടിയ യോഗത്തിലെ നിർദ്ദേശപ്രകാരം സ്ഥലമേ​റ്റെടുപ്പ് സംബന്ധിച്ച വിഷയം ബി.പി.സി.എല്ലിന്റെ ബോർഡ് യോഗത്തിന്റെ പരിഗണനയ്ക്ക് വിടാനും തീരുമാനിച്ചു.

ചർച്ചയിൽ എം.എൽ.എ കൂടാതെ കളക്ടർ ജി. പ്രിയങ്ക പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ പഞ്ചായത്ത് അംഗം എൽസി പൗലോസ്, ബി.പി.സി.എൽ പ്രതിനിധികൾ, അയ്യൻകുഴിയെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

എച്ച്.ഒ.സി, ബി.പി.സി.എൽ കമ്പനികളുടെ മലിനീകരണത്തിനെതിരെ അയ്യൻകുഴിക്കാരുടെ സമരത്തിന് 40 വർഷത്തെ പഴക്കമുണ്ട്. രണ്ട് കമ്പനികൾക്കും ഇടയിൽ എട്ട് മീ​റ്റർ ഉയരമുള്ള മതിലുകള്ളിലായിരുന്നു ഇവരുടെ ജീവിതം. താഴ്ന്ന പ്രദേശമായതിനാൽ എപ്പോഴും കമ്പനികളിൽ നിന്നുള്ള പുക പ്രദേശമാകെ നിറയുന്ന അവസ്ഥയാണ്.

മലിനീകരണ വിഷയത്തിൽ കമ്പനികൾ കൈയൊഴിഞ്ഞതോടെ ഇവരുടെ ജീവിതം നരകതുല്യമായിരുന്നു. സ്ഥലം വി​റ്റ് രക്ഷപ്പെടാമെന്ന് കരുതിയാൽ നിസാര വിലയ്ക്ക് പോലും എടുക്കാൻ ആരും തയ്യാറായിരുന്നില്ല. ബാങ്കുകളിൽ പണയപ്പെടുത്താമെന്ന് വച്ചാൽ അടിസ്ഥാനവിലയും തീരെ കുറവായിരുന്നു.