surgery

കൊച്ചി : സംസ്ഥാനത്ത് ആദ്യമായി റോബോട്ടിക് അസിസ്റ്റഡ് കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (സി.എ.ബി.ജി) ശസ്ത്രക്രിയ ആസ്റ്റർ മെഡ്‌സിറ്റിയിൽ വിജയകരമായി പൂർത്തിയാക്കി.

ഗുരുവായൂർ സ്വദേശിനി നിഷ പുരുഷോത്തമനാണ് (42) നൂതന ശസ്ത്രക്രിയയിലൂടെ അതിവേഗം സുഖം പ്രാപിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് നാലാം ദിവസം രോഗിയെ ഡിസ്ചാർജ് ചെയ്തു.

റോബോട്ടിക് കാർഡിയാക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. എം.എം. യൂസഫിന്റെ നേതൃത്വത്തിലുള്ള കാർഡിയോവാസ്‌കുലാർ തൊറാസിക് സർജറി വിഭാഗത്തിലെ സർജിക്കൽ ടീമാണ് നേട്ടത്തിന് പിന്നിൽ. പ്രധാനപ്പെട്ട മൂന്ന് ഹൃദയധമനികളിലും ബ്ലോക്ക് ഉണ്ടാകുന്ന അതീവ ഗുരുതരമായ ട്രിപ്പിൾവെസൽ ഡിസീസ് എന്ന രോഗമാണ് നിഷയ്ക്കുണ്ടായിരുന്നത്. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ മാത്രമായിരുന്നു പോംവഴി. നേരിയ മുറിവുകളിലൂടെ പ്രശ്‌നം പരിഹരിക്കാനായി മിനിമലി ഇൻവേസിവ് ശസ്ത്രക്രിയ തിരെഞ്ഞെടുത്തത്. മിനിമലി ഇൻവേസിവ് കാർഡിയാക് സർജറി (എം.ഐ.സി.എസ്) തന്നെ ഒരു വലിയ മുന്നേറ്റമായിരുന്നെങ്കിലും, റോബോട്ടിക്ക് സാങ്കേതികവിദ്യയുടെ കൃത്യതയോടെ നടപ്പാക്കാൻ കഴിഞ്ഞത് നേട്ടമായി. കാർഡിയോവാസ്‌കുലാർ തൊറാസിക് സർജറി സീനിയർ കൺസൾട്ടന്റുമാരായ ഡോ. മനോജ് പി. നായർ, ഡോ. ജോർജ് വർഗീസ് കുര്യൻ, അസോസിയേറ്റ് കൺസൾട്ടന്റുമാരായ ഡോ. സബിൻ സാം, ഡോ. ജിഷ്ണു പള്ളിയാനി, അനസ്‌തേഷ്യോളജി, പെയിൻ മെഡിസിൻ ആൻഡ് ക്രിട്ടിക്കൽ കെയർ സർവീസസ് വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് സുരേഷ് ജി. നായർ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

ഏറ്റവും നൂതനമായ ആരോഗ്യ സേവനങ്ങൾ ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ആസ്റ്റർ ഏറ്റെടുത്തിരിക്കുന്ന ദൗത്യം

രമേശ് കുമാർ

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ

ആസ്റ്റർ ഡി.എം

ഹെൽത്ത്‌കെയർ.