കൊച്ചി: റെയിൽവേട്രാക്കിൽ പാറക്കല്ല് നിരത്തിവച്ച സംഭവത്തിൽ ആർ.പി.എഫ് അന്വേഷണം തുടങ്ങി. ട്രാക്കിൽ കിടക്കുന്ന ചെറിയ പാറക്കല്ലുകളാണ് പാളത്തിൽ അടുത്തടുത്തായി നിരത്തിയത്. ലോക്കോപൈലറ്റ് അറിയിച്ചതിനെ തുടർന്ന് ആർ.പി.എഫ് പ്രാഥമികാന്വേഷണം നടത്തി.
ഇടപ്പള്ളി, കളമശേരി റെയിൽവേ സ്റ്റേഷനുകൾക്കിടെ വട്ടേക്കുന്നം ഭാഗത്ത് ഉച്ചയ്ക്ക് 2.55നായിരുന്നു സംഭവം. എറണാകുളം ഭാഗത്തേക്ക് എൻജിനോടിച്ച് പോവുകയായിരുന്ന ലോക്കോപൈലറ്റാണ് ശബ്ദവ്യത്യാസം കേട്ടതിനെ തുടർന്ന് തിരുവനന്തപുരം കൺട്രോൾറൂമിൽ അറിയിച്ചത്. നോർത്ത് ആർ.പി.എഫ് സർക്കിൾ ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വട്ടേക്കുന്നത്ത് എത്തി പാളം പരിശോധിച്ചു. നാല് ഭാഗത്ത് പാറക്കല്ല് പൊടിഞ്ഞ് ട്രാക്കിനകത്ത് കിടന്നതായി സി.ഐ അറിയിച്ചു.
ഈ ഭാഗത്തുകൂടി ആൾക്കാർ പാളം മുറിച്ചുകടക്കാറുണ്ട്. കുട്ടികൾ കളിച്ചപ്പോൾ പാറക്കല്ലുകൾ പെറുക്കിവച്ചതാണെന്നാണ് പ്രാഥമികനിഗമനം. സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സഹായകമായ വിവരങ്ങൾ ലഭിച്ചില്ല. പ്രദേശത്ത് ആർ.പി.എഫ് ബോധവത്കരണം നടത്തി.