കൊച്ചി: ദീർഘകാലം യു.ഡി.എഫിനെ നയിച്ച പി.പി. തങ്കച്ചൻ മുന്നണി സംവിധാനം എന്താണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയ നേതാവാണെന്ന് മുൻകേന്ദ്രമന്ത്രി വയലാർ രവി അനുസ്‌മരിച്ചു. ഘടകകക്ഷികളെ വിശ്വാസത്തിലെടുത്തും പരിഗണന കൊടുത്തും അസ്വാരസ്യങ്ങളില്ലാതെ മുന്നണിയെ നയിക്കുന്നതിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. കെ.പി.സി.സി പ്രസിഡന്റ്, മന്ത്രി, സ്പീക്കർ ചുമതലകളിൽ തന്റേതായ പ്രാഗത്ഭ്യം അദ്ദേഹം തെളിയിച്ചതായി വയലാർ രവി അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

സഭാസ്‌നേഹി

യാക്കോബായസഭയുടെ വിശ്വസ്തപുത്രനും സഭാ വർക്കിഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി മുൻ അംഗവുമായ പി.പി. തങ്കച്ചന്റെ ദേഹവിയോഗം സഭയ്ക്കും സമൂഹത്തിനും നഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പൊലീത്തായുമായ ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു.

കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന ബാവായുടെ വിശ്വസ്തനായിരുന്ന തങ്കച്ചൻ സഭയ്‌ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഭിക്കാനും വളർച്ചയ‌്ക്കും പങ്ക് വഹിച്ചതായി ബാവ അനുസ്മരിച്ചു.

പക്വതയുള്ള നേതാവ്
ജനകീയാടിത്തറയുള്ള നേതാവായിരുന്നു തങ്കച്ചനെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പാർട്ടിയെയും മുന്നണിയെയും ഐക്യത്തോടെ നയിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ പക്വതയോടെ തീരുമാനങ്ങളെടുത്തു. സ്പീക്കറെന്ന നിലയിലും മന്ത്രിയെന്ന നിലയിലും സംശുദ്ധമായ തീരുമാനങ്ങൾ എടുക്കുന്നതിൽ അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നു.