മരട്: അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടുകളിലെത്തി ഗുണ്ടാപ്പിരിവ് നടത്തുന്ന പ്രതികൾ അറസ്റ്റിൽ. പള്ളുരുത്തി എം.എൽ.എ.റോഡ് തെക്കിനേഴത്ത് പറമ്പിൽ സദ്ദാം (35), പീതാംബരൻ മാഷ്റോഡിൽ അസീബ് ശിഹാബ് (38)എന്നിവരാണ് പനങ്ങാട് പൊലീസിന്റെ പിടിയിലായത്.

സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം താമസിക്കുന്ന തൊഴിലാളികളുടെ വീടുകളിലെത്തി സ്ഥിരമായി ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. കുമ്പളത്ത് ഗുണ്ടാപ്പിരിവ് നൽകാൻ വിസമ്മതിച്ച കുടുംബത്തെ ആക്രമിച്ച് കവർച്ച നടത്തിയ കേസിലാണ് അറസ്റ്റ്. സൗത്ത് ഹോളി മേരി കോളേജിനടുത്തു താമസിക്കുന്ന അസം സ്വദേശിയെയും കുടുംബത്തെയും ക്രൂരമായി ആക്രമിച്ച് 5000രൂപയും മൊബൈൽഫോണും അടങ്ങിയ ബാഗും തട്ടിയെടുത്ത് പ്രതികൾ കടന്നുകളയുകയായിരുന്നു.

സാരമായി പരിക്കേറ്റ അസം സ്വദേശി പനങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. എസ്.എച്ച്.ഒ വിപിൻദാസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കവർച്ച പോയ ഫോണും പണവും ബാഗ് സഹിതം കണ്ടെടുത്തു . ഹിൽപലാസ് സ്റ്റേഷനിൽ പൊലീസുകാരെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ്. റിമാൻഡ് ചെയ്തു.