satheesan
മിഷൻ 25ന്റെ ഭാഗമായി എറണാകുളം ഡി.സി.സിയുടെ നേതൃയോഗം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പാർട്ടിയുടെ പേരിൽ വ്യാജപ്രചാരണം നടത്തുന്നവർ അവസാനിപ്പിച്ചില്ലെങ്കിൽ പുറത്താക്കുന്നതടക്കം പരിഗണിക്കേണ്ടിവരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മിഷൻ 25ന്റെ ഭാഗമായി നടന്ന ജില്ലാ കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഹുൽ മാങ്കൂട്ടത്തലിനെതിരായ നടപടി സംസ്ഥാന കോൺഗ്രസ് നേതൃത്വം കൂട്ടായി എടുത്ത തീരുമാനമാണ്. പാർട്ടിക്ക് ഒരു സംഭാവനയും നൽകാത്ത ചിലർ വിദേശ രാജ്യങ്ങളിലിരുന്ന് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് പാർട്ടി പ്രവർത്തകർ ഏറ്റെടുക്കേണ്ടതില്ല. സി.പി.എം സ്‌പോൺസർ ചെയ്യുന്നവരും ഇത്തരത്തിൽ വ്യാജപ്രചാരണം നടത്തുന്നുണ്ട്.

നവകേരള സദസ് പോലെയുള്ള ധൂർത്താണ് വികസനസദസും അയ്യപ്പ സംഗമവുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ മുഖം തുറന്ന് പദയാത്ര നടത്താനും ഗൃഹസമ്പർക്ക പരിപാടിയും ഫണ്ട് ശേഖരണവും ഈ മാസം 20 വരെ നീട്ടാനും യോഗം തീരുമാനിച്ചു.ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, കെ.പി.സി.സി വൈസ് പ്രസിഡന്റ് സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പ്രസംഗിച്ചു.