കൊച്ചി: സമഗ്ര നഗര നയം രൂപപ്പെടുത്താൻ സംഘടിപ്പിക്കുന്ന ദ്വിദിന കേരള അർബൻ കോൺക്ലേവ് 2025 ഇന്ന് കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ ആരംഭിക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷനാകും. കേന്ദ്ര ഭവനനിർമ്മാണ, നഗരകാര്യ വകുപ്പ് മന്ത്രി മനോഹർലാൽ ഖട്ടർ മുഖ്യാതിഥിയാകും. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ, ശ്രീലങ്ക നഗരവികസന മന്ത്രി അനുര കരുണതിലക, ദക്ഷിണാഫ്രിക്കയിലെ അടിസ്ഥാന സൗകര്യ എക്‌സിക്യുട്ടിവ് കൗൺസിൽ അംഗം മാർട്ടിൻ മെയർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്ര നഗരകാര്യ സെക്രട്ടറി കെ. ശ്രീനിവാസ്, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, എ.കെ. ശശീന്ദ്രൻ, പി. രാജീവ് തുടങ്ങിയവരും പങ്കെടുക്കും. 36 യോഗങ്ങളിലായി 295 പ്രഭാഷകർ പങ്കെടുക്കും.

ഉദ്ഘാടനശേഷം വിദേശ പ്രതിനിധികളും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന ഹൈലെവൽ പൊളിറ്റിക്കൽ ഫോറം ഒഫ് മിനിസ്റ്റേഴ്‌സും ഉച്ചയ്ക്ക് ശേഷം കേരളത്തിലെ കോർപ്പറേഷൻ മേയർമാരും മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺമാരും പങ്കെടുക്കുന്ന കൗൺസിലേഴ്‌സ് അസംബ്ലിയും നടക്കും.

നാളെ വൈകിട്ട് നാലിനു സമാപന സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും.