fire
ആലുവ ബാങ്ക് കവലയിലെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന തുണിക്കടയിലുണ്ടായ തീപിടിത്തം അഗ്നിശമന സേന അണക്കാൻ ശ്രമിക്കുന്നു

ആലുവ: ആലുവ ബാങ്ക് കവലയിലെ കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന തുണിക്കടയ്ക്ക് തീപിടിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. വാരിയത്ത് പുത്തൻമഠം വിശ്വനാഥൻ സ്വാമിയുടെ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ശ്രീമൂലനഗരം തറയിൽ നിഷാ റഫീക്കിന്റെ 'കട കാലിയാക്കൽ വില്പന' എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്.

മൂന്നു ഘട്ടമായി മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീയണച്ചത്. ഇന്നലെ ഉച്ചക്ക് 11.30ഓടെയാണ് കടയുടെ പിൻഭാഗത്ത് നിന്ന് തീയും പുകയും വരുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ആലുവയ്ക്ക് പുറമെ അങ്കമാലി, ഏലൂർ, പെരുമ്പാവൂർ ഫയർഫോഴ്സ് യൂണിറ്റുകളും തീയണക്കാൻ എത്തിയിരുന്നു. രണ്ട് മണിയോടെ തീയണച്ച് അഗ്നിശമന സേന മടങ്ങിയെങ്കിലും രണ്ടരയോടെ വീണ്ടും തീ പടർന്നതോടെ വീണ്ടുമെത്തി. അര മണിക്കൂറിനകം മടങ്ങിയെങ്കിലും ആറ് മണിയോടെ വീണ്ടും തീ പുകയുന്നതായി അറിയിച്ചതിനാൽ മൂന്നാമതും അഗ്നിശമന സേനക്ക് എത്തേണ്ടി വന്നു. ആലുവ സ്റ്റേഷൻ ഓഫീസർ ഡെൽവിൻ ഡേവിസിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.