march
വിവരാവകാശ പ്രവർത്തകൻ രാഹുലിന്റെ തായിക്കാട്ടുകരയിലെ വീട്ടിലേക്ക് നടത്തിയ മാർച്ച് ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരളത്തിൽ ഏറ്റവും അധികം വേശ്യകൾ താമസിക്കുന്നത് ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലാണെന്നും പഞ്ചായത്ത് വേശ്യകളുടെ കണക്കെടുപ്പ് നടത്തി അവർക്ക് സാമൂഹ്യ വേശ്യ പെൻഷൻ കൊടുക്കണമെന്നും ആവശ്യപ്പെട്ട് പരാതി നൽകിയ വിവരാവകാശ പ്രവർത്തകൻ കെ.ടി. രാഹുലിന്റെ തായിക്കാട്ടുകരയിലെ വീട്ടിലേക്ക് കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.
വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിന് ലഭിച്ച രാഹുലിന്റെ കത്തിൽ നിന്നാണ് ചൂർണിക്കര ഗ്രാമപഞ്ചായത്തിനെയും വാർഡിനെയും സ്ത്രീകളെയും അപമാനിച്ച വിവരം പുറത്തറിയുന്നത്. നാടിനെയും സ്ത്രീകളെയും ഇല്ലാത്ത മാദ്ധ്യമ വാർത്തയുടെ പേര് പറഞ്ഞു മോശമാക്കിയ രാഹുലിനെതിരെ നടപടിവേണമെന്നാണ് സ്ത്രീകളുടെ ആവശ്യം.

എസ്.എൻ പുരം ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് രാഹുലിന്റെ വീടിന് മുന്നിൽ സമാപിച്ചു. തുടർന്ന് പ്രതിഷേധ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ റംല താജുദ്ദീൻ അദ്ധ്യക്ഷയായി. മുഹമ്മദ് ഷെഫീക്ക്, ലൈല അബ്ദുൾ ഖാദർ, രമണൻ ചേലാക്കുന്ന്, റാഹില, ശോഭ, ഷീല സുരേഷ്, ഷെഹർബാൻ, ബീന മോഹൻ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിന് നിവേദനവും നൽകി.