കൊച്ചി: ഡ്യൂട്ടിയിൽ ഇല്ലാത്ത സമയത്ത്, മദ്യപിച്ച് വാഹനപരിശോധന നടത്തിയ കാക്കനാട് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എൻ.എസ്. ബിനുവിനെ ഗതാഗത കമ്മിഷണർ നാഗരാജു സസ്‌പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിനും ഉത്തരവായി. കാക്കനാട് തോപ്പിൽ ജംഗ്ഷനിൽ ബുധനാഴ്ച രാത്രി 7.30ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ബിനു യൂണിഫോമിലുമായിരുന്നില്ല.
വഴിയോരത്ത് വാഹനത്തിൽ മീൻകച്ചവടം നടത്തിയ ദമ്പതികളോടാണ് 3000 രൂപ പിഴ ആവശ്യപ്പെട്ട് ബിനു ബഹളമുണ്ടാക്കിയത്. നാട്ടുകാർ തൃക്കാക്കര പൊലീസിനെ അറിയിച്ചു. ബ്രെത്ത് അനലൈസർ പരിശോധനയിൽ മദ്യപിച്ചതായി സ്ഥിരീകരിച്ചതോടെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസ്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി തന്നെ ജാമ്യത്തിൽ വിട്ടു.
അപമര്യാദയായി പെരുമാറിയതിന് കച്ചവടക്കാരിയും കുടുംബവും ബിനുവിനെതിരെ തൃക്കാക്കര സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. വകുപ്പുതല അന്വേഷണത്തിന് മൂവാറ്റുപുഴ ആർ.ടി.ഒയെ ഗതാഗത കമ്മിഷണർ ചുമതലപ്പെടുത്തി.