
ആലുവ: കുന്നത്തേരി കവലയിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് ലോട്ടറി കച്ചവടത്തിന് തട്ടിട്ടത് മാറ്റിയിടാൻ നിർദ്ദേശിച്ച പഞ്ചായത്ത് അംഗത്തെ മർദ്ദിച്ചതായി പരാതി. ചൂർണിക്കര ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. ശിവാനന്ദനാണ് (52) മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. ശിവാനന്ദനെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നത്തേരി കവലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി റോഡ് കൈയേറി നിർമ്മിച്ച ഷെഡുകളെല്ലാം അടുത്തിടെ നീക്കം ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസമാണ് മർദ്ദിച്ച രാജു തട്ട് അടിച്ച് ഇവിടെ ലോട്ടറി കച്ചവടം ആരംഭിച്ചത്. ഇന്നലെ വൈകിട്ട് ഇതേതുടർന്ന് ഗതാഗതക്കുരുക്കുണ്ടായപ്പോൾ സൈഡിലേക്ക് മാറ്റിയിടാൻ നിർദ്ദേശിച്ചപ്പോഴാണ് മർദ്ദനമേറ്റതെന്ന് ശിവാനന്ദൻ ആലുവ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.