
പറവൂർ: ആലുവ തായിക്കാട്ടുകര ചവറുപാടം ഭാഗത്ത് മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ അന്യസംസ്ഥാനക്കാരായ രണ്ട് പേർ പിടിയിൽ. ആസാം മോറിഗോൺ സ്വദേശി ഗുഗാവോനുള്ള റുഹൂൽ അമീൻ (27) നാഗാലാന്റ് ധമാപൂർ സ്വദേശി ഘംകരിയ ഖാസിം അലി (35) എന്നിവരെയാണ് ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആലങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ തിരുവാലൂർ, കോട്ടപ്പുറം, അടുവാതുരുത്ത്, മാളികംപീടിക തുടങ്ങിയ ഭാഗങ്ങളിൽ ഇവർ മോഷണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലായിൽ തിരുവാലൂർ ഭാഗത്തെ വീട്ടിൽ നിന്ന് സീലിംഗ് ഫാനുകളുടെ മോട്ടോറുകൾ, മോട്ടോർ പമ്പുകൾ, നിലവിളക്ക്, കിണ്ടി, ഇലക്ട്രിക്, പ്ലംബിംഗ് ഫിറ്റിംഗുകൾ എന്നിവ ഉൾപ്പെടെ 1,93,000 വിലവരുന്ന വസ്തുക്കൾ മോഷണം നടത്തിയിരുന്നു. ഇവർ കൂടുതൽ സ്ഥലങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായി പൊലീസ് പറഞ്ഞു.