semi

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത കടലറിവുകൾ കാലാവസ്ഥാ പ്രവചനം, റിമോട്ട് സെൻസിംഗ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളുമായി സംയോജിപ്പിക്കണമെന്ന് വിദഗ്ദ്ധർ. കാലാവസ്ഥാപ്രവചനം മുതൽ ബോട്ട് നിർമ്മാണം വരെ നിർണായക ആവശ്യങ്ങൾക്ക് അറിവുകൾ പ്രയോജനം ചെയ്യുമെന്ന് അവർ പറഞ്ഞു.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) നടന്ന ചർച്ചയിൽ ഫിഷറീസ് ശാസ്ത്രജ്ഞർ, ഷിപ്പിംഗ് തുറമുഖ വിദഗ്ദ്ധർ, മത്സ്യത്തൊഴിലാളികൾ, സംരംഭകർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

തലമുറകളായി മത്സ്യത്തൊഴിലാളികൾ കാറ്റിന്റെ ദിശ, സമുദ്രപ്രവാഹങ്ങൾ, കള്ളക്കടൽ എന്നിവ നിരീക്ഷിച്ച് കാലാവസ്ഥയും മത്സ്യലഭ്യതയും മനസിലാക്കാറുണ്ട്. കടലിലും ആകാശത്തിലും കാണുന്ന അടയാളങ്ങൾ സൂക്ഷ്മമായി മനസിലാക്കാനും കാലാവസ്ഥ മുൻകൂട്ടി പ്രവചിക്കാനുമുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സിദ്ധി പ്രയോജനപ്പെടുത്തണം. ഇതിനെ ഉപഗ്രഹ മോഡലിംഗ് പോലുള്ള ശാസ്ത്രവിദ്യകളുമായി സംയോജിപ്പിക്കണം. കടലിൽ സുരക്ഷ വർദ്ധിപ്പിക്കാനും കാലാവസ്ഥാ മുന്നറിയിപ്പുകളും മൺസൂൺ പ്രവചനങ്ങളും കുറ്റമറ്റതാക്കുന്നതിനും ഇത് ഗുണം ചെയ്യുമെന്ന് വിദഗ്ദ്ധർ പറഞ്ഞു.

കുഫോസ് വൈസ്ചാൻസലർ ഡോ.എ. ബിജുകുമാർ ചർച്ച ഉദ്ഘാടനം ചെയ്തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസസിലെ പോസ്റ്റ് ഹാർവെസ്റ്റ് ടെക്‌നോളജി ആൻഡ് ട്രെയിനിംഗ് ഡയറക്ടർ ഡോ. ഷൈൻ കുമാർ സി.എസ്, ഡോ. വി.വി.ആർ. സുരേഷ്, രത്‌നേഷ് ഝാ, ഡോ. രവി രാജ് ആട്രി, ഡോ. ശോഭ ജോ കിഴക്കൂടൻ, ഡോ. രമ്യ എൽ എന്നിവർ സംസാരിച്ചു. ഓഷ്യൻ സെന്റേഴ്‌സ് ഇന്ത്യയും സി.എം.എഫ്.ആർ.ഐയും സംയുക്തമായാണ് ചർച്ച സംഘടിപ്പിച്ചത്.