u
തൃപ്പൂണിത്തുറ ക്ക് സമീപം ഇന്നലെ രാവിലെ പൊതുയിടത്ത് പുകവലിക്കുന്നവർ

തൃപ്പൂണിത്തുറ: പെട്ടിക്കടകളുടെയും തട്ടുകടകളുടെയും മറവിലും നഗരത്തിലും അന്ധകാരത്തോടിന് സമീപവും രാപകൽ ഭേദമില്ലാതെ സിഗരറ്റും ബീഡിയും പുകഞ്ഞു കൊണ്ടിരിക്കുന്നു. അതേ പൊതുസ്ഥലങ്ങളിൽ പലേടത്തും പരസ്യമായി പുകവലിക്കാരുടെ എണ്ണം കൂടിവരികയാണ്. നിരോധനപരിധിയുള്ള പലേടത്തും സിഗരറ്റ് വില്പന തകൃതിയാണ്. നിയമത്തെ കാറ്റിൽപ്പറത്തിക്കൊണ്ട് പുകവലിക്കാൻ പ്രത്യേക സ്ഥലങ്ങൾവരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. പലകടകളുടെയും മുന്നിൽ ചരടിൽ തൂക്കിയിട്ട ലൈറ്ററുകളും കാണാം.

പേട്ടയിലും കിഴക്കേകോട്ടയിലും തുടങ്ങി നഗരത്തിന്റെ മൂക്കിലും മൂലയിലും പുകവലി സംഘങ്ങൾ പുകച്ചശേഷം തള്ളുന്നത് നൂറുകണക്കിന് സിഗരറ്റ് കുറ്റികളാണ്. പൂർണത്രയീശന്റെ തോണിക്കടവായ ഇരുമ്പു പാലത്തിന് സമീപംവരെ ഈ പുകവലിക്കൂട്ടങ്ങൾ സജീവമാണ്. സ്കൂൾ യൂണിഫോമിൽവരെ ഇവിടെനിന്ന് പുകവലിക്കുന്ന കുട്ടികളുണ്ട്. കോളേജ് വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും ചായയും കുടിച്ച് സിഗരറ്റ് വലിക്കുന്നത് ട്രെൻഡായിരിക്കുകയാണ്. പല ചായക്കടകളുടെയും പരിസരങ്ങളിൽൻ പുകച്ചു തള്ളിയ സിഗരറ്റ് കുറ്റികൾ കാണാം. പൊലീസുകാർ ഇതൊന്നും കണ്ടമട്ട് നടിക്കാറില്ല.

പൊതുസ്ഥലത്ത് പുകവലി

നിരോധനത്തിന് കാൽനൂറ്റാണ്ട്

പുകവലിക്കുന്നവർ സ്വന്തം ശവക്കുഴി കുഴിക്കുക മാത്രമല്ല പുകവലിക്കാത്തവരുടെ ജീവനും കൂടിയാണ് അപകടത്തിൽ ആക്കുന്നത്. ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തെയാണ് അത് ലംഘിക്കുന്നത്. 1999 ലെ കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവിലെ പ്രധാന വരികൾ ആണിത്. 25 വർഷം പിന്നിടുമ്പോഴും പൊതുസ്ഥലത്തിരുന്ന് പുകവലിക്കുന്നതിന് യാതൊരുവിധ കുറവുമില്ല.

പൊതുസ്ഥലത്ത് പുക വലിച്ചാൽ സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രോഡക്റ്റ് ആക്ട് വകുപ്പ് നാല് പ്രകാരം കേസെടുക്കണം. പിഴയുമുണ്ട്. എന്നാൽ പിടിയിലാകുന്നവർക്ക് ചെറിയപിഴയേ ചുമത്തുന്നുള്ളുവെന്നതാണ് പുകവലിക്കാർക്ക് അനുകൂലമാകുന്നത്. കുറഞ്ഞ പിഴയും കേസെടുക്കുന്നതിനുള്ള അലംഭാവവും ഇക്കൂട്ടർക്ക് തുണയാകുന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഷോപ്പുകളുടെ മറവിലും പെട്ടിക്കടകളുടെ മറവിലും

സിഗരറ്റ് വില്പന തകൃതിയാണ്. പുകയിലയുടെ മറവിൽ ചിലയിടങ്ങളിൽ കഞ്ചാവ് വില്പനയും സജീവമാണെന്ന് ആക്ഷേപമുണ്ട്.