മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗര റോഡ് വികസനം അട്ടിമറിക്കപ്പെട്ടതിൽ എം.എൽ.എയ്ക്കും ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് മുൻ എം.എൽ.എ. എൽദോ എബ്രഹാം പറഞ്ഞു. വെള്ളൂർക്കുന്നം കവല മുതൽ നെഹ്‌റു പാർക്ക് വരെയുള്ള നിർമ്മാണം ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്നും, 2400 മീറ്റർ റോഡ് വർക്ക് 1800 മീറ്ററായി ചുരുങ്ങിയത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
വെള്ളൂർക്കുന്നം ജംഗ്ഷനിലെ 4 സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കാൻ 2018-ൽ സർക്കാർ പണം നൽകിയിട്ടും ഭൂമി കൈവശം വച്ചിരിക്കുന്നവർ റോഡ് നിർമ്മാണത്തിൽ നിന്ന് പിൻവാങ്ങുകയും എൻ.എച്ച്.എ.ഐ.യുടെ റോഡാണെന്ന് പറഞ്ഞ് ന്യായീകരണം പറയുകയും ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.