poulsan

പറവൂർ : കരുമാല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോൾസൺ ഗോപുരത്തിങ്കലിന്റെ തിരഞ്ഞെടുപ്പ് വിജയം പറവൂർ മുൻസിഫ് കോടതി അസാധുവാക്കി. കരുമാല്ലൂർ തട്ടാമ്പടി സ്വദേശി ദീപു ശശിധരൻ നൽകിയ ഹർജിയിൽ പഞ്ചായത്ത് ആക്ട് സെക്ഷൻ 89 പ്രകാരം കോടതി അയോഗ്യനാക്കിയത്. മത്സരിക്കുന്ന സമയത്ത് വരാപ്പുഴ പഞ്ചായത്തിൽ കുടിവെള്ളം വിതരണത്തിന് പോൾസൺ പഞ്ചായത്തുമായി കരാറിൽ ഏർപ്പെട്ടിരുന്നു. കരാർ വെളിപ്പെടുത്താതെയാണ് അഞ്ചാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്.

2024 ഡിസംബറിൽ പഞ്ചായത്ത് ഭരണസമിതി നേതൃമാറ്റത്തെ തുടർന്നുണ്ടായ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ബീന ബാബുവിന് വോട്ട് ചെയ്യണമെന്ന കോൺഗ്രസ് വിപ്പ് ലംഘിച്ച് പോൾസൺ എൽ.ഡി.എഫ് സ്ഥാനാർത്ഥി സബിത നാസറിന് വോട്ട് ചെയ്തു. അന്നുതന്നെ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂറുമാറി എൽ.ഡി. എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.

കൂറുമായിതിനെ തുടർന്ന പോൾസണെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ഇരുപത് അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ പോൾസൺ അയോഗ്യനായതോടെ എൽ.ഡി.എഫിനും യു.ഡി.എഫിനും എട്ട് വീതം സീറ്റും ഓരോ സ്വതന്ത്രരുടെ പിന്തുണയുമാണുള്ളത്. ബി.ജെ.പിക്ക് ഒരു അംഗവുമുണ്ട്.