കൊച്ചി: വല്ലാർപാടം ബസലിക്കയിലെ മരിയൻ തീർത്ഥാടനം നാളെ നടക്കും. കിഴക്കൻ മേഖലയിൽ നിന്ന് വല്ലാർപാടത്തേക്കുള്ള തീർത്ഥാടനം എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ അങ്കണത്തിൽ വൈകിട്ട് 3ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. ജൂബിലികുരിശ്, വല്ലാർപാടം തിരുനാളിന് ഉയർത്താനുള്ള പതാക എന്നിവ അതിരൂപതയിലെ അൽമായ നേതാക്കൾ ഏറ്റുവാങ്ങും. 3.30ന് വൈപ്പിൻ ഗോശ്രീ ജംഗ്ഷനിൽ ജാൻസി രൂപത ബിഷപ് എമരിറ്റസ് ഡോ. പീറ്റർ പറപ്പുള്ളി ജൂബിലി ലോഗോയും ദീപശിഖയും
യുവജനസംഘടനാ പ്രതിനിധികൾക്ക് കൈമാറുന്നതോടെ പടിഞ്ഞാറൻമേഖലയിൽ നിന്നുള്ള തീർത്ഥാടനത്തിനും തുടക്കമാകും.

തീർത്ഥാടകരെ വല്ലാർപാടം ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്തും ഇടവകജനങ്ങളും ചേർന്ന് ബസിലിക്ക അങ്കണത്തിലെ മംഗളകവാടത്തിൽ സ്വീകരിക്കും. വൈകിട്ട് 4.30ന് ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ അതിരൂപതയിലെ വൈദികരും സന്യസ്തരും പങ്കെടുക്കും. കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ വചനസന്ദേശം നൽകും. വല്ലാർപാടത്തമ്മയുടെ തിരുനാൾ 16 മുതൽ 24 വരെയും എട്ടാമിടം ഒക്ടോബർ ഒന്നിനുമാണ്.

മരിയൻ തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ ഫാ. മാർട്ടിൻ തൈപ്പറമ്പിലും റെക്ടർ ഫാ. ജെറോം ചമ്മണിക്കോടത്തും അറിയിച്ചു. തീർത്ഥാടകർക്കായി കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ് നടത്തും. വാഹനങ്ങൾ

ഗോശ്രീ പാലങ്ങളുടെ അരികിലുള്ള പാതയോരങ്ങളിലും പാർക്കിംഗ് ഗ്രൗണ്ടുകളിലും പാർക്ക് ചെയ്യണം.