കൊച്ചി: അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളം ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലീനിയർ നഗരമായി മാറാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര നഗരകാര്യവകുപ്പ് മന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞു. എറണാകുളത്ത് ആരംഭിച്ച രണ്ടുദിവസത്തെ കേരള അർബൻ കോൺക്ലേവിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മറ്റ് നഗരസഭകൾക്ക് വഴികാട്ടിയും നഗരനയ വികസനത്തിന് നാഴികക്കല്ലുമാണ് കേരള അർബൻ കോൺക്ലേവ്.

നിലവിൽ രാജ്യത്ത് 35 ശതമാനമാണ് നഗരപ്രദേശങ്ങൾ ഉള്ളത്. അത് 2045 പിന്നിടുമ്പോഴേക്കും 50 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വരുംനാളുകളിൽ കേരളത്തിലെ നഗരവത്കരണ നിരക്ക് 95ശതമാനം ആകുമെന്നാണ് കരുതുന്നത്. നഗരവത്കരണത്തിന് ഗതാഗതസൗകര്യങ്ങളുമായി വലിയ ബന്ധമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ രംഗത്ത് കൊച്ചി മെട്രോയും വാട്ടർ മെട്രോയും മികച്ച പ്രവർത്തനമാണ് നടത്തിവരുന്നത്.

1,065 കിലോമീറ്റർ പ്രവർത്തനക്ഷമമായ മെട്രോശൃംഖലയുള്ള ഇന്ത്യ ഈ മേഖലയിൽ ചൈനയ്ക്കും യു.എസ്.എയ്ക്കും പിന്നാലെ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ്. അടുത്ത 23വർഷത്തിനുള്ളിൽ നാം അമേരിക്കയെ മറികടക്കും. രാജ്യം ഈ രംഗത്ത് മറ്റൊരു പദ്ധതികൂടി അവതരിപ്പിക്കപ്പെടുകയാണ് അതിവേഗ റെയിൽ ഗതാഗത സംവിധാനമായ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം. ഇത് സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചാൽ കേരളത്തിലും പദ്ധതി അനുവദിക്കും. പ്രാദേശികം, സംസ്ഥാനം, കേന്ദ്രം എന്നിങ്ങനെ പദ്ധതികളെ നാം വേർതിരിക്കരുത്. നഗരവികസന സംരംഭങ്ങളുടെ വിജയത്തിനായി സർക്കാരിന്റെ എല്ലാതലങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം.

വിപുലമായ കോൺക്ലേവ് സംഘടിപ്പിച്ച മുഖ്യമന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുന്നു. ദേശീയ അന്തർദേശീയ തലത്തിലുള്ള വിദഗ്ദ്ധരുടെയും പ്രതിനിധികളുടെയും പങ്കാളിത്തം കോൺക്ലേവിൽ ഉണ്ട്. നഗരവികസനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ദേശീയ മാതൃകയായി കേരള അർബൻ കോൺക്ലേവ് 2025 മാറി. കോൺക്ലേവിലെ ആശയങ്ങളുടെ പങ്കുവയ്ക്കൽ സമീപഭാവിയിൽ തന്നെ കേരളത്തിന് ഫലപ്രദമായ ഒരു നഗരനയ രൂപീകരണത്തിന് സഹായകമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.