
നെടുമ്പാശേരി: കാലപ്പഴക്കം കാരണം നാശോന്മുഖമായ കുന്നുകര പഞ്ചായത്തിലെ അയിരൂർപുത്തൻതോട് പാലം അപകടാവസ്ഥയിൽ. നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പാലം ഏതുനിമിഷവും തകർന്നുവീഴാമെന്ന ഭീതിയിലാണ് നാട്ടുകാർ. ഇത് സംബന്ധിച്ച് പലവട്ടം പരാതി നൽകിയിട്ടും അധികൃതർ കേട്ട മട്ടില്ല.
പാലത്തിനടിയിലെ അയിരൂർ പുത്തൻതോടിന്റെ സംരക്ഷണത്തിനും നടപടികളുണ്ടായിട്ടില്ല. തോടിന്റെ വശങ്ങൾ കെട്ടി സംരക്ഷിക്കുന്നതിനായി മൂന്നര വർഷം മുൻപ് മൈനർ ഇറിഗേഷൻ വകുപ്പിന് നിവേദനം നൽകിയിരുന്നെങ്കിലും എസ്റ്റിമേറ്റ് എടുത്ത് നടപടികൾ മുന്നോട്ട് പോയില്ല. എത്രയും വേഗം പുതിയ പാലം നിർമ്മിക്കണമെന്നും തോട് സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
അപകടാവസ്ഥ രൂക്ഷം
1. പാലത്തിന് കൈവരികളില്ലാത്തതിനാൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. കാറുകളും ബൈക്കുകളും ഉൾപ്പെടെ നിരവധി ചെറുവാഹനങ്ങൾ ഇതിനോടകം അപകടത്തിൽപ്പെട്ടിട്ടുണ്ട്. എതിർ ദിശയിൽ വരുന്ന വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. രാത്രികാലങ്ങളിലും അപകടങ്ങൾ പതിവാണ്.
2. അപ്രോച്ച് റോഡിന് ബാരിക്കേഡുകൾ ഇല്ലാത്തത് വാഹനങ്ങൾ താഴേക്ക് പതിക്കാൻ കാരണമാകുന്നു. പാലത്തിനടിയിലൂടെയുള്ള അയിരൂർ പുത്തൻതോട് നല്ല താഴ്ചയുള്ളതും അപകട സാധ്യതയുള്ളതുമാണ്. തോടിന്റെ വശങ്ങളിൽ താമസിക്കുന്ന വീടുകൾക്കും അപകടഭീഷണിയുണ്ട്.
പുതിയ പാലം വാഗ്ദാനത്തിൽ ഒതുങ്ങുന്നു
നാല് വർഷം മുൻപ് പുതിയ പാലം നിർമ്മിക്കാനായി രണ്ട് കോടി രൂപ അനുവദിച്ചതായി പറഞ്ഞിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. പ്രളയ സാദ്ധ്യത കണക്കിലെടുത്ത് പാലം ഉയർത്തി പണിയേണ്ടതിനാൽ ഈ തുക തികയില്ലെന്നും, പാലം പണിക്കും സ്ഥലമെടുപ്പിനുമായി കൂടുതൽ തുക അനുവദിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
60വർഷത്തിലേറെപഴക്കം
അയിരൂർ പുത്തൻതോട് പാലത്തിന് 60 വർഷത്തിലേറെ പഴക്കമുണ്ട്. പാലത്തിനടിയിലെ കോൺക്രീറ്റ് പൊളിഞ്ഞിരിക്കുകയാണ്.ചാലക്കുടി പുഴയെയും അങ്കമാലി മാഞ്ഞാലി തോടിനെയും ബന്ധിപ്പിക്കുന്ന അയിരൂർ പുത്തൻതോടിന് ഒന്നര കിലോമീറ്റർ ഓളം നീളമുണ്ട്. പാലത്തിന് 15 മീറ്റർ നീളവും മൂന്നുമീറ്റർ വീതിയും ഉണ്ട്