
പറവൂർ: വീടുകളിൽ നിന്ന് ശേഖരിച്ച പ്ളാസ്റ്റിക് മാലിന്യത്തിന്റെ കൂട്ടത്തിൽ ലഭിച്ച അഞ്ച് പവൻ ആഭരണങ്ങൾ ഉടമക്ക് തിരിച്ചു നൽകി ഹരിതകർമ്മ സേനാംഗങ്ങൾ. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് 20-ാം വാർഡിലെ ഹരിതകർമ്മസേന അംഗങ്ങളായ ലത, വിനിത, ചിത്തിര എന്നിവർക്കാണ് വീടുകളിൽ നിന്ന് ശേഖരിച്ച് വസ്തുക്കൾ തരംതിരിക്കുന്നതിനിടെ തുണിയിൽപൊതിഞ്ഞ ചെപ്പ് ലഭിച്ചത്.
തുറന്ന് നോക്കിയപ്പോൾ സ്വർണമാല, പാദസ്വരം, കമ്മൽ എന്നിവയായിരുന്നു. പ്ളാസ്റ്റിക് ശേഖരിച്ച പ്രദേശത്ത് വാർഡ് മെമ്പർ ലത വിജയനെ വിവരം അറിയിച്ചു. കൊച്ചമ്പലത്തുള്ള നെൽക്കുന്നശേരി വിൽസൺ തോമസിന്റെ വീട്ടിൽ നിന്ന് ശേഖരിച്ചതിൽ നിന്നാണ് സ്വർണാഭരണങ്ങൾ ലഭിച്ചതെന്ന് തിരിച്ചറിഞ്ഞു. ഹരിതകർമ്മ സേനാംഗങ്ങളായ മൂന്ന് പേരും ചേർന്ന് വീട്ടിലെത്തി വിൽസന്റെ മകൾക്ക് സ്വർണാഭരണങ്ങൾ കൈമാറി. സത്യസന്ധയ്ക്കും മാതൃകാ പ്രവർത്തനത്തിനും മൂന്ന് പേരെയും പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു.