medicamp

കൊച്ചി: നഗരത്തിലെ തെരുവിൽ കഴിയുന്നവർക്കായി സ്‌മൈൽ പദ്ധതിയുടെ ഭാഗമായി കോതമംഗലം പീസ് വാലി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.

കലൂർ മെട്രോ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്യാമ്പിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറുപതോളം പേർ പങ്കെടുത്തു. മുറിവുകൾ വൃത്തിയാക്കി മരുന്ന് വച്ചും പ്രാഥമിക പരിശോധനകൾ പ്രകാരം മരുന്നുകൾ നൽകിയും മാസ്‌കുകളും പ്രതിരോധ മരുന്നുകളും നൽകിയ ക്യാമ്പ് തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ഏറെ ആശ്വാസമായി. സബ് കളക്ടറും സ്‌മൈൽ പദ്ധതിയുടെ നോഡൽ ഓഫീസറുമായ ഗ്രന്ധേ സായ്കൃഷ്ണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

 300 ഓളം പേർ തെരുവിൽ

യാചകരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ സ്‌മൈലിന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ സർവേയിലൂടെ മുന്നൂറോളം പേരാണ് തെരുവിൽ അന്തിയുറങ്ങുന്നതായി കണ്ടെത്തിയത്. ഇവരിൽ 50ൽ താഴെ ആളുകൾ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവരും ബാക്കി ഭൂരിപക്ഷം പേരും അസംഘടിത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. പത്ത് ശതമാനം ആളുകൾ ലഹരിക്കടിപ്പെട്ടും മാനസിക വിഭ്രാന്തിയിലും അലയുന്നവരാണ്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ബീഹാർ എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കുടുംബമായെത്തി കൂട്ടമായി കഴിയുന്നവരാണിവരിൽ അധികവും.

 സ്മൈൽ പദ്ധതിയിലൂടെ പുനരധിവാസം

സ്‌മൈൽ പദ്ധതിയിലൂടെ 43 പേരെ ഇതിനോടകം കോതമംഗലത്തെ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചു. ഇവരിൽ തൊഴിൽ ചെയ്യാൻ ആരോഗ്യം ഉള്ളവർക്ക് വിവിധ തൊഴിൽ പരിശീലനങ്ങൾ നൽകുന്നുണ്ട്. തെരുവിൽ കഴിയുന്നവർക്കായി വിഭാവനം ചെയ്തിട്ടുള്ള നൈറ്റ് ഷെൽട്ടർ നടപടികൾ ത്വരിതപ്പെടുത്തുമെന്നു സബ് കളക്ടർ അറിയിച്ചു.