കൊച്ചി: ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും ഒരു ഞെട്ടിൽവിരിഞ്ഞ രണ്ട് പൂക്കളെപ്പോലെ ജീവിതം നയിച്ച പുണ്യപുരുഷന്മാരും ആത്മസൗഹൃദം പങ്കിട്ട് ജീവിച്ച മഹാഗുരുക്കന്മാരായിരുന്നുവെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ പറഞ്ഞു. കൊച്ചി അദ്വൈത പ്രചാർ സഭ സംഘടിപ്പിച്ച ചട്ടമ്പിസ്വാമിയുടെ 172-ാം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ലോകത്ത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ സാധിക്കാത്ത ആദ്ധ്യാത്മീക പാരമ്പര്യമുള്ള നാടാണ് ഭാരതം. അതുകൊണ്ടാണ് ലോകരാജ്യങ്ങൾ ഇന്ന് ഭാരതത്തെ ഉറ്റുനോക്കുന്നത്. ആ ഗുരുപരമ്പരയിലേക്ക് കേരളം സംഭാവനചെയ്ത ആചാര്യ ത്രയങ്ങളാണ് ശങ്കരാചാര്യരും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും. ശങ്കരാചാര്യർക്ക് ശേഷം 1400വർഷം കഴിയുപ്പോഴാണ് ഗുരുദേവനും ചട്ടമ്പിസ്വാമിയും അവദൂതരായത്. ഈ രണ്ട് ഗുരുക്കന്മാരും അദ്വൈതവേദാന്തികളാണ്. എന്നാൽ ശങ്കരാചാര്യരുടെ തത്വചിന്തയെ പിൻതുടരുന്നതോടൊപ്പം അവർ ഇരുവരും അതിനെ ദേശകാലോചിതം പരിഷ്കരിച്ചു. ജന്തുക്കളായി ലക്ഷക്കണക്കിന് ജന്മങ്ങൾ കഴിഞ്ഞാലെ നരജന്മം കിട്ടൂവെന്നും അങ്ങനെ ജനിക്കുന്നവർ കേവലം മനുഷ്യനായാൽ മാത്രം പോര പുരുഷനായും ബ്രാഹ്മണനായും വിദ്വാനായും ജനിക്കണമെന്നാണ് ശങ്കരാചാര്യരുടെ ദർശനം. അങ്ങനെ ജനിക്കുന്ന ബ്രാഹ്മണനുമാത്രമെ വേദം പഠിക്കാൻ അവകാശമുള്ളുവെന്ന ശങ്കരാചാര്യരുടെ നിശ്ചല ദർശനത്തെ ഗുരുദേവൻ ചലനാത്മകമാക്കി. ജാതിമത ഭേദ്യമന്യേ എല്ലാവർക്കും വിദ്യ ഉപദേശിക്കണമെന്നാണ് ശ്രീനാരായണഗുരുദേവ ദർശനം. ജനങ്ങളുടെ ദുഖവും ദുരിതവും കഷ്ടപ്പാടുകളും മനസിലാക്കി അവരുടെ കണ്ണീരൊപ്പി ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് കൈപ്പിടിച്ചു നയിച്ച അവതാരപുരുഷനാണ് ഗുരുദേവൻ എന്നും സച്ചിതാനന്ദസ്വാമി പറഞ്ഞു. അദ്വൈത പ്രചാർസഭ പ്രസിഡന്റ് ഡി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഡോ. രാജീവ് ഇരിങ്ങാലക്കുട, ജസ്റ്റിസ് ആർ. ഭാസ്കരൻ, ഫാ. തോമസ് തറയിൽ, ഇ.എച്ച്. നജീബ്, ഫാ. സേവ്യർ തറമേൽ, ഡോ.സി.എം. ജോയി,​ അദ്വൈത പ്രചാർസഭ സെക്രട്ടറി കെ.ജി. രാധാകൃഷ്ണൻ,​ ഷനോജ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.