
പറവൂർ: വൃദ്ധയെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. വടക്കേക്കര പാല്യത്തുരുത്ത് ചേലക്കാട് പരേതനായ സുധാകരന്റെ ഭാര്യ സാവിത്രിയാണ് (88) മരിച്ചത്. വ്യാഴാഴ്‌ച രാത്രി എട്ടുമണിയോടെയാണ് ഇവരെ മരിച്ച നിലയിൽ മകൻ കണ്ടത്. മൃതദേഹം ഉറുമ്പരിച്ച നിലയിലായിരുന്നു.
വാർഡ് മെമ്പർ മായാദേവി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഇവരുടെ വീട്ടിലെത്തിയപ്പോൾ സാവിത്രി വീടിന്റെ ചവിട്ടുപടിയിൽ ഇരിക്കുന്നത് കണ്ടിരുന്നു. അന്നേദിവസം രാത്രി മത്സ്യബന്ധന തൊഴിലാളിയായ മകൻ സുധീർ ബോട്ടിൽ പോയി വീട്ടിലെത്തിയെങ്കിലും അമ്മയെ ശ്രദ്ധിച്ചിരുന്നില്ല. തയ്യൽ ജോലി ചെയ്യുന്ന മരുമകൾ ശ്രീദേവി ജോലി സ്ഥലത്ത് തന്നെയാണ് അന്ന് തങ്ങിയത്.
ബുധനാഴ്ച രാത്രിയിലെത്തിയ മകൻ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് ഉണർന്നതും അമ്മയെ മുറ്റത്ത് കിടക്കുന്ന നിലയിൽ കണ്ടതും. വിവരം അറിഞ്ഞെത്തിയ അയൽവാസികളുടെ പരിശോധനയിലാണ് ഉറുമ്പരിച്ചതായി കണ്ടത്. വാർദ്ധക്യ സഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വടക്കേക്കര പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. സുബൈദയാണ് സാവിത്രിയുടെ മറ്റൊരു മകൾ.