515 ലോഡ്ജുകളിൽ പരിശോധന
കൊച്ചി: എറണാകുളം റൂറൽ, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ പൊലീസിന്റെ ഏകദിന മിന്നൽ പരിശോധന. വാറണ്ട് കേസുകളിലെ 550 പിടികിട്ടാപ്പുള്ളികളുൾപ്പെടെ ഒളിവിലായിരുന്ന 598 പ്രതികൾ അറസ്റ്റിലായി. 203 മുൻകാല കുറ്റവാളികളുടെയും സമീപകാലത്ത് ജയിലിൽ നിന്ന് പുറത്തിറങ്ങിയ 37 പേരുടെയും വീടുകളും താമസസ്ഥലങ്ങളും പരിശോധിച്ച് തൽസ്ഥിതി രേഖപ്പെടുത്തി.
എറണാകുളം റേഞ്ച് ഐ.ജിയുടെ പരിധിയിലാണ് ഏകദിന കോമ്പിംഗ് നടത്തിയത്. മയക്കുമരുന്ന് വില്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 150 കേസുകൾ രജിസ്റ്റർ ചെയ്തതായി റേഞ്ച് ഡി.ഐ.ജി ഡോ. എസ്. സതീഷ് ബിനോയി അറിയിച്ചു. രാസലഹരിയും കഞ്ചാവും ഉൾപ്പെടെ കണ്ടെടുത്തു. നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗവും വില്പനയുമായി ബന്ധപ്പെട്ട് 182 പേർക്കെതിരെ നടപടിയെടുത്തു. അനധികൃത മദ്യവില്പ്നയ്ക്കും പൊതുസ്ഥലത്ത് മദ്യപിച്ചതിനും 153 പേരെ പ്രതികളാക്കി കേസെടുത്തു.
അമിതവേഗത,അശ്രദ്ധമായി വാഹനം ഓടിക്കൽ,ഹെൽമറ്റ് ഇല്ലാതെ യാത്ര, ട്രാഫിക് സിഗ്‌നൽ ലംഘനം,അനധികൃത പാർക്കിംഗ് എന്നിങ്ങനെ ഗതാഗത നിയമലംഘനത്തിന് 3112 കേസുകളെടുത്തു. മദ്യപിച്ച് വാഹനം ഓടിച്ച 562 പേർക്കെതിരെ കേസെടുത്തു. 515 ലോഡ്ജുകൾ പരിശോധിച്ചു. 500 ലേറെ പൊലീസുദ്യോഗസ്ഥരാണ് കോമ്പിംഗിൽ പങ്കെടുത്തത്.