പെരുമ്പാവൂർ: മലയാറ്റൂർ കാടപ്പാറ മണിയാട്ടുവീട്ടിൽ രാജന്റെ മകൻ റിതിൻരാജിനെ സുഹൃത്തിന്റെ വിവാഹത്തലേന്ന് കുത്തിക്കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലെ മൂന്നാംപ്രതി ലൂണ മനോജ് എന്നു വിളിക്കുന്ന മനോജിനെ പെരുമ്പാവൂർ അഡീഷണൽ സെഷൻസ് കോടതി 24 വർഷം കഠിനതടവിനും ഒന്നരലക്ഷംരൂപ പിഴയ്ക്കും ശിക്ഷിച്ചു.
2016 സെപ്തംബർ 12ന് റിതിൻരാജ് സുഹൃത്തിന്റെ വിവാഹത്തലേന്ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് മലയാറ്റൂരിലെ മന്ത്രിമുക്ക് ഭാഗത്തുള്ള വീട്ടിൽ എത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ റിതിൻരാജിനെ തലയ്ക്ക് കസേരകൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നു. തുടർന്ന് വീട്ടിലേക്ക് പോകുന്ന വഴി റോഡിൽവച്ച് റിതിൻരാജിനെ കമ്പിവടിക്ക് അടിച്ചുവീഴ്ത്തി കമ്പിക്ക് നട്ടെല്ലിന് പലപ്രാവശ്യം കുത്തുകയായിരുന്നു. കത്തിക്കുത്തിൽ റിതിൻരാജിന്റെ നട്ടെല്ലിന് പൊട്ടലും സ്പൈനൽ കോഡിനും കിഡ്നിക്കും ഗുരുതരമായ പരിക്കും നടുവിനു താഴേക്ക് ചലനശേഷി നഷ്ടപ്പെടുകയും ചെയ്തു. റിതിൻരാജ് ഇപ്പോൾ ചക്രക്കസേരയിലാണ് സഞ്ചരിക്കുന്നത്.
ബസിലെ ഡോർ ചെക്കറായിരുന്നു റിതിൻരാജ്. 2014 മാർച്ച് 10ന് അങ്കമാലി വേങ്ങൂർ നാഗഞ്ചേരി ഭാഗത്ത് ബസ് തടഞ്ഞുനിറുത്തി മുൻ വൈരാഗ്യത്തെത്തുടർന്ന്
മനോജ് ഉൾപ്പെട്ട സംഘം റിതിൻരാജിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചിരുന്നു. എന്നാൽ യാത്രക്കാരിയായ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസിന്റെ തലയ്ക്കും തോൾഭാഗത്തും ഗുരുതര പരിക്കേറ്റിരുന്നു. ഈ കേസിലെ സാക്ഷിയായിരുന്ന റിതിൻരാജ് പ്രതികൾക്കെതിരെ മൊഴിനൽകുകയും കോടതി പ്രതികളെ 10 വർഷം കഠിനതടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് അപ്പീലിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ വീണ്ടും റിതിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പെരുമ്പാവൂർ അഡീഷണൽ സെഷൻസ് കോടതിയിൽ ഈ കേസിലെ 7 പ്രതികളെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. മൂന്നാം പ്രതിയായിരുന്ന മനോജ് വിചാരണയിൽ പങ്കെടുക്കാതെ ഒളിവിൽ കഴിയുകയായിരുന്നു. പിന്നീട് പൊലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി പുനർവിചാരണ നടത്തുകയായിരുന്നു.
പെരുമ്പാവൂർ അഡീഷണൽ സെഷൻസ് ജഡ്ജ് ആനി വർഗീസാണ് ഇന്നലെ ശിക്ഷവിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. എം.ജി. ശ്രീകുമാർ ഹാജരായി.