
കോതമംഗലം: പല്ലാരിമംഗലം അടിവാട് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുകയും റോഡ് തകരുകയും ചെയ്യുന്നു. രണ്ടാഴ്ച മുമ്പാണ് പൈപ്പ് പൊട്ടിയത്. അനേകം ലിറ്റർ കുടിവെള്ളമാണ് റോഡിലൂടെ ഒഴുകുന്നത്. പൈപ്പ് പൊട്ടിയ ഭാഗത്ത് റോഡ് തകർന്ന് ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. നിരന്തരം വെള്ളം ഒഴുകി റോഡിന്റെ തകർച്ച വ്യാപിക്കാൻ സാദ്ധ്യതയുണ്ട്.
പ്രധാന റോഡിലാണ് ഈ അവസ്ഥയുള്ളത്. റോഡിലെ വളവിലാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. കുഴിയിൽ ചാടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. സമീപത്ത് സ്‌കൂളുമുണ്ട്. എന്നിട്ടും പൈപ്പ് ലൈനിന്റെ അറ്റകുറ്റപണിക്ക് അധികാരികൾ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്.