
കളമശേരി: എച്ച്.എം.ടി. കോളനി - കിൻഫ്രാ റോഡിൽ ടാറിംഗ് ചെയ്യാൻ വന്നവരെ വാർഡ് കൗൺസിലറും നഗരസഭാ വൈസ് ചെയർ പേഴ്സണുമായ സൽമ അബുബക്കറിന്റെ നേതൃത്വത്തിൽ പ്രദേശ വാസികൾ തടഞ്ഞു. ഗയിൽ ഓഫീസിനു മുന്നിൽ മാത്രം ടാറിംഗ് ചെയ്യാനുള്ള നീക്കമാണ് പ്രതിഷേധത്തിന് കാരണം.
ഇന്നലെ രാവിലെയാണ് കരാറുകാരന്റെ നേതൃത്വത്തിൽ തൊഴിലാളികളെത്തി ജോലികൾ തുടങ്ങിയത്. ആകെ തകർന്നു കിടക്കുന്ന റോഡിന്റെ ഒരു ഭാഗം മാത്രമാണ് ടാറിംഗ് ചെയ്യുന്നതെന്നറിഞ്ഞ നാട്ടുകാർ സ്ഥലത്തെത്തി എച്ച്.എം.ടി. കോളനി വരെ തകർന്നു കിടക്കുന്ന ഭാഗങ്ങൾ പൂർണമായും ടാറിംഗ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. രണ്ടുദിവസം അവധിയായതിനാൽ ഉദ്യോഗസ്ഥർ സ്ഥലത്തില്ലാത്തതിനാൽ ഇരുകൂട്ടരും ചർച്ച ചെയ്തശേഷം മതിയെന്ന തീരുമാനത്തിൽ തത്കാലം ജോലികൾ നിറുത്തി വെച്ചു.
റോഡ് തകർന്നിട്ട് മാസങ്ങളായി
മാസങ്ങളായി തകർന്ന റോഡിലൂടെയാണ് എച്ച്.എം.ടി. കോളനിഭാഗത്തേക്ക് പ്രദേശവാസികൾ സഞ്ചരിക്കുന്നത്.
തകർന്ന റോഡിലെ കുഴിയിൽ വീണ് നിരവധിഅപകടങ്ങളുമുണ്ടായി. കിൻഫ്രയുടെ അധീനതയിലുള്ള റോഡായതിനാൽ തെരുവു വിളക്കുകൾ സ്ഥാപിക്കാൻ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്.