മൂവാറ്റുപുഴ: മൂവാറ്റുപുഴ കച്ചേരിത്താഴത്ത് പുതിയ പാലം നിർമ്മിക്കുന്നതിനു ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. മാറാടി വില്ലേജിലെ 11.64 ആർസ് സ്ഥലമാണ് പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുപ്പിനായി സ്പെഷ്യൽ താഹസിൽദാറെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. രണ്ട് വരിയായി ഗതാഗതം സാദ്ധ്യമാക്കുന്ന രീതിയിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. കാൽനട യാത്രികർക്കായി നടപ്പാതയും ഉണ്ടാകും. നിലവിൽ നാലുവരിയോടെ ടൗൺ റോഡ് വികസന നിർമ്മാണ പ്രവർത്തികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും പുതിയ പാലം കൂടി യാഥാർത്ഥ്യമാകുമ്പോൾ മൂവാറ്റുപുഴയിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന വിശ്വാസമാണുള്ളതെന്നും എം.എൽ.എ വ്യക്തമാക്കി.