അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിന് സ്വയംഭരണ അധികാരം ലഭിച്ചു. യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മിഷനാണ് അക്കാഡമിക് മേഖലയിൽ ഫിസാറ്റിന് ഓട്ടോണമസ് പദവി നൽകിയത്. ഇതു സംബന്ധിച്ച ഉത്തരവ് യു.ജി.സി തിരുവനന്തപുരം സാങ്കേതിക സർവ്വകലാശാലയ്ക്കും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും കേരള ഗവർണർക്കും കൈമാറി. സ്വയംഭരണ അധികാരം ലഭിച്ചതോടെ സർട്ടിഫിക്കറ്റ് കോഴ്സുകളും ഡിപ്ലോമ കോഴ്‌സുകളും തുടങ്ങുന്നതിന് പുറമെ പുതിയ ബിരുദ ബിരുദാനന്ത കോഴ്സുകളും ഫിസാറ്റിന് തുടങ്ങാനാകും.

ഗവേഷണ മേഖലയിൽ പുതിയ വിഭാഗങ്ങൾ തുടങ്ങുന്നതിനുള്ള അനുവാദവും യു.ജി.സി ഉത്തരവിലൂടെ കോളേജിന് കൈമാറി. സിൽവർ ജൂബിലി ആഘോഷങ്ങളോട് അടുക്കുന്ന ഈ സമയത്ത് ഫിസാറ്റിന്റെ വളർച്ചയിൽ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് ചെയർമാൻ പി.ആർ. ഷിമിത്ത് പറഞ്ഞു. ഈ വർഷം ഓട്ടോണോമിസ് പദവിയോടൊപ്പം നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ സഹായത്തോടെ ഏഴുകോടിയിലധികം രൂപ മുടക്കി വിദ്യാർത്ഥികൾക്കായി അന്തർദേശിയ സെർട്ടിഫിക്കറ്റുകൾ നല്കാൻ സാധിക്കുന്ന അത്യാധുനിക ലാബുകൾ തുടങ്ങാൻ കഴിഞ്ഞതും എ.ഐ.സി.ടി.ഇയുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ഒരു കോടിയിലധികം രൂപ മുടക്കി പുതിയ ഐഡിയ ലാബ് തുടങ്ങാൻ സാധിച്ചതും അഭിമാനകരമായ നേട്ടമാണെന്ന് ചെയർമാൻ പറഞ്ഞു. വളർച്ചയുടെ ഓരോ നാഴികക്കല്ലുകളും പിന്നിടുമ്പോൾ സമൂഹത്തോടുള്ള ഉത്തരവാദിത്വവും കൂടി വരുന്നതായി പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് പറഞ്ഞു.