munampam

വൈപ്പിൻ : എറണാകുളം, തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്നതും പുരാതന മുസരിസ് തുറമുഖ കവാടം കൂടിയായ മുനമ്പം - അഴീക്കോട് പാലത്തിന്റെ നിർമ്മാണം മുനമ്പം ഭാഗത്തും തുടങ്ങി. അഴീക്കോട് ഭാഗത്തെ നിർമ്മാണങ്ങൾ 90 ശതമാനവും പൂർത്തിയായിട്ടുണ്ട്. കായൽ ഭാഗത്ത് ഫൗണ്ടേഷൻ ജോലികൾ കഴിഞ്ഞ് അനുബന്ധ ജോലികൾ അതിവേഗം നടന്നു വരികയാണ്. എന്നാൽ മുനമ്പം ഭാഗത്തെ പണികളാണ് നടക്കാതിരുന്നത്.

സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ മുനമ്പത്തെ സ്വകാര്യ വ്യക്തിയും റവന്യൂ വകുപ്പും തമ്മിലുണ്ടായ കേസ് കാരണമാണ് ഇവിടെ പണി തുടങ്ങാൻ കഴിയാതിരുന്നത്. മുനമ്പത്ത് ആകെ ഏറ്റെടുക്കുന്ന 53 സെന്റിൽ 7 സെന്റ് പുറമ്പോക്കിലാണെന്നായിരുന്നു റവന്യൂ വകുപ്പിന്റെ നിലപാട്. അതിനാൽ ഈ വസ്തുവിന് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് റവന്യൂ വകുപ്പ് അറിയിച്ചതോടെ തർക്കമായി. വിഷയം കോടതി കയറി. കോടതിയിലെ കേസിൽ സർക്കാരിന് അനുകൂലമായ വിധി ഉണ്ടായതിനെ തുടർന്നാണ് മുനമ്പത്ത് ഇപ്പോൾ നിർമ്മാണം തുടങ്ങിയിരിക്കുന്നത്.

സ്ട്രാക്കർ സെഗ്‌മെന്റൽ ഓട്ടോ ലോഞ്ചിംഗ്

മുനമ്പം ഭാഗത്ത് 11 തൂണുകളാണ് നിർമ്മിക്കേണ്ടത്. ഇവയുടെ ഫൗണ്ടേഷൻ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. പാലത്തിനും അനുബന്ധ റോഡിനും കൂടി 1124 മീറ്ററാണ് നീളം. ഇതിൽ പാലത്തിന് 875 മീറ്റർ നീളവും 15.70 മീറ്റർ വീതിയുമാണ്.

52.65 മീറ്റർ നീളമുള്ള മെയിൻ സ്ലാബ് 18 സെഗ്‌മെന്റുകളാക്കി നിർമ്മിച്ചു കൊണ്ടുവന്ന് ആധുനിക യന്ത്ര സംവിധാനത്തോടെ ഘടിപ്പിക്കുന്ന സൂപ്പർ സ്ട്രാക്കർ സെഗ്മെന്റൽ ഓട്ടോ ലോഞ്ചിംഗ് രീതിയിലാണ് നിർമ്മാണം. സംസ്ഥാനത്ത് ആദ്യമായാണ് ഈ രീതിയിൽ പാലം നിർമ്മിക്കുന്നത്. ഇതിലൂടെ ജോലികൾ അതിവേഗം തീർക്കാൻ കഴിയും. കൂടാതെ കായലിലൂടെ കടന്നുപോകുന്ന നൂറ് കണക്കിന്

ഫിഷിംഗ് ബോട്ടുകളുടെ യാത്രക്ക് തടസ്സവുമുണ്ടാകില്ല. പാലം നിർമ്മാണം കൊണ്ട് ഉണ്ടാകാവുന്ന കായലിലെ മലിനീകരണം ഒഴിവാക്കുകയും ചെയ്യാം.

നടപ്പാത, സൈക്കിൾ ട്രാക്ക് ഉൾപ്പെടെയാണ് പാലത്തിന്റെ രൂപകല്പന.

ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസിനാണ് നിർമ്മാണ ചുമതല.

ഈ വർഷം അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കി പാലം തുറന്നു കൊടുക്കാനാകും.