കൊച്ചി: എറണാകുളം സൗത്ത്റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കഞ്ചാവുമായി റെയിൽവേ പൊലീസിന്റെ പിടിയിലായ യുവാവിനെ രണ്ടുവർഷം തടവിനും 20,000 രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചു. കാസർകോട് മധൂർ ഉളിയത്തടുക്ക ബിസ്മില്ല മൻസിലിൽ എം.എച്ച്. മൊയ്തീനെയാണ് (28) എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
2017 സെപ്തംബർ 29നാണ് 1.125 കിലോഗ്രാം കഞ്ചാവുമായി മൂന്നാംനമ്പർ പ്ലാറ്റ്ഫോമിൽനിന്ന് മൊയ്തീനെ എറണാകുളം റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്യസംസ്ഥാനത്തുനിന്ന് എറണാകുളത്തെ ലഹരിവിതരണക്കാർക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റെയിൽവേ എസ്.ഐ കെ.ടി. രഘു, ഇൻസ്പെക്ടർ എം.എ. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോളി ജോർജ് കാരക്കുന്നേൽ ഹാജരായി.