കൊച്ചി: കൊച്ചി മെട്രോയുടെ കൊച്ചി വൺകാർഡ് പണിമുടക്കിയതോടെ വലഞ്ഞത് നൂറു കണക്കിന് യാത്രക്കാർ. ഇന്നലെ രാവിലെ സർവീസ് ആരംഭിച്ചപ്പോൾ മുതൽ തുടങ്ങിയ തകരാർ രാത്രി വൈകിയും പരിഹരിച്ചില്ല. തുടർന്ന് കൗണ്ടറുകളിലൂടെ പേപ്പർ ടിക്കറ്റ് നൽകി യാത്രാസൗകര്യം ഏർപ്പെടുത്തിയെങ്കിലും രാവിലെ മുതൽ കൗണ്ടറുകളിൽ ടിക്കറ്റെടുക്കാൻ നീണ്ടനിരയായിരുന്നു.
സാങ്കേതിക കാരണങ്ങളാലാണ് തകരാർ നേരിട്ടതെന്ന് മെട്രോ അധികൃതർ അറിയിച്ചു. ആലുവ, മുട്ടം, കളമശേരി, പുളിഞ്ചുവട്, കമ്പനിപ്പടി, കൊച്ചിൻ യൂണിവേഴ്സിറ്റി സ്റ്റേഷനുകളിൽ ഓരോ എൻട്രി, എക്സിറ്റ് സ്റ്റേഷനുകളിൽ കൊച്ചി വൺകാർഡ് പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.
നാളെ പ്രശ്നം പൂർണമായി പരിഹരിക്കുന്നതുവരെ എല്ലാ സ്റ്റേഷനുകളിലേയും ഓരോ ഗേറ്റ് ഇതുപോലെ പ്രവർത്തന സജ്ജമാക്കും. കൊച്ചി വൺകാർഡ് ഉപയോക്താക്കളുടെ എല്ലാ ആനൂകൂല്യങ്ങളും അനുവദിച്ചുകൊണ്ടാണ് പേപ്പർ ടിക്കറ്റുകൾ നൽകുന്നതെന്നും കാർഡിലെ ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും അതേപടി തുടരുമെന്നും അധികൃതർ അറിയിച്ചു.