പെരുമ്പാവൂർ: വ്യാഴാഴ്ച അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചന് ജന്മനാട് യാത്രാമൊഴിയേകി. ഇന്നലെ വൈകിട്ട് അങ്കമാലി അകപ്പറമ്പ് സാബോർ അഫ്രോത്ത് വലിയകത്തീഡ്രൽ സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. രണ്ടുദിവസം വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. ഇന്നലെ നടന്ന സംസ്കാരചടങ്ങിലും യു.ഡി.എഫ് നേതാക്കൾ ഉൾപ്പെടെ ആയിരങ്ങളാണ് പങ്കെടുത്തത്.
എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ്‌മുൻഷി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, നേതാക്കളായ അടൂർ പ്രകാശ്, രമേശ് ചെന്നിത്തല, രാജ്‌മോഹൻ ഉണ്ണിത്താൻ, സി.പി. ജോൺ, കൊടിക്കുന്നിൽ സുരേഷ്, അനൂപ് ജേക്കബ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബിജോൺ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, അനൂപ് ജേക്കബ്, കെ. രാജൻബാബു, പ്രൊഫ കെ.വി. തോമസ്, കെ. മുരളീധരൻ, ശരത്ചന്ദ്രപ്രസാദ്, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, ജസ്റ്റിസ് അബ്ദുൾ റഹിം, മുഹമ്മദ് ഷിയാസ്, മനോജ് മൂത്തേടൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
സംസ്കാരച്ചടങ്ങുകൾക്കുശേഷം പെരുമ്പാവൂർ പൗരവലിയുടെ നേതൃത്വത്തിൽ സുഭാഷ് മൈതാനിയിൽ അനുശോചനയോഗം നടത്തി.