നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള ജീവനക്കാരിയുടെ നഷ്ടപ്പെട്ട ഒരു പവൻ തൂക്കം വരുന്ന സ്വർണ പാദസരം പൊലീസ് കണ്ടെത്തി കൈമാറി. കഴിഞ്ഞ ദിവസം പാദസരം നഷ്ടമായതിനെ തുടർന്ന് ജീവനക്കാരിയായ അക്ഷയ പലയിടത്തും തെരഞ്ഞെങ്കിലും കിട്ടിയില്ല. തുടർന്നാണ് നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പൊലീസ് സി.സി ടി.വികളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വഴിയിൽ കിടന്ന പാദസരം ഒരാൾക്ക് ലഭിച്ചതായി ബോദ്ധ്യമായി. പിന്നീട് അയാളെ കണ്ടുപിടിക്കുകയായിരുന്നു. പാദസരം കിട്ടിയെന്നും മുക്കുപണ്ടമാണെന്നു കരുതി വാഹനത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു. തുടർന്ന് യുവതിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പാദസരം കൈമാറി. ഇൻസ്പെക്ടർ എം.എച്ച് അനുരാജ്, എസ്.ഐമാരായ എസ്.എസ് ശ്രീലാൽ, സാബു വർഗീസ്, എ.എസ്.ഐ കെ.എം ഷിഹാബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.