
അങ്കമാലി: സാധാരണക്കാരെ തെരുവിൽ നിറുത്തി സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക് നാലാം ദിവസത്തിലേക്ക്.വെള്ളിയാഴച്ച ജില്ലാ ലേബർ ഓഫീസർ വിളിച്ചു ചേർത്ത യോഗത്തിലും പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും അയവില്ലാത്ത സമീപനം സ്വീകരിച്ചതോടെ സമരം തുടരുകയാണ്. ടൗണിൽ വിവിധ കച്ചവട സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന നൂറുകണക്കിന് സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ കൂട്ടം ചേർന്ന് വലിയ തുക നൽകി ഓട്ടോറിക്ഷയും മറ്റും വിളിച്ച് വീട്ടിലെത്തേണ്ട ഗതികേടിലാണ്. അങ്കമാലി ടൗണിലെ ടെക് സ്റ്റെയിൽ ഷോപ്പുകളിൽ മാത്രം സ്വകാര്യ ബസിനെ ആശ്രയിച്ച് ജോലിക്കെത്തുന്നവർ രണ്ടായിരത്തിലേറെയുണ്ട്. മറ്റു കച്ചവട കേന്ദ്രങ്ങളിലെ കണക്കു കൂടിയെടുക്കുമ്പോൾ മൂവായിരത്തിലേറെ തൊഴിലാളികൾ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നുണ്ട്.
കൂലി വർദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ പതിനൊന്നാം തീയതി മുതലാണ് സമരം പ്രഖ്യാപിച്ചത്. ബസ് ഉടമകളുടെ അസോസിയേഷനുകളും സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂണിയനുകളിലെ തൊഴിലാളികളാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സമരകത്തിൽ പങ്കെടുക്കാതെ ഓടാൻ തയ്യാറായി വന്ന ബസുകൾ അടച്ച് തകർക്കുകയും തൊഴിലാളികളെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കാഴ്ചക്കാരായി മാറി നിന്നതായും ആക്ഷേപമുണ്ട്.