നെടുമ്പാശേരി: മരണത്തിന്റെ തീരാനൊമ്പരത്തിലും അവയവദാനങ്ങളിലൂടെ നാടിന്റെ അഭിമാനമായി വിടചൊല്ലിയ ബിൽജിത്തിന് മള്ളുശ്ശേരി ഗ്രാമം കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.
വാഹനാപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ചതോടെ ബിൽജിത്തിന്റെ ഹൃദയമടക്കം എട്ട് അവയവങ്ങളാണ് മാതാപിതാക്കളായ പാറക്കടവ് മള്ളുശേരി പാലമറ്റം വീട്ടിൽ ബിജു, ലിന്റ എന്നിവർ ദാനംചെയ്യാൻ സന്നദ്ധമായത്. കാലടി ആദിശങ്കര ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു ബിൽജിത്ത് സെപ്തംബർ രണ്ടിന് അങ്കമാലിയിൽ സുഹൃത്തിനെ കാണാൻ സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ദേശീയപാതയിൽ കരിയാട് കവലയിലായിരുന്നു. അപകടം.
ഇന്നലെ 2.30ഓടെ മൃതദേഹം മള്ളുശേരിയിലെ വീട്ടിലെത്തിച്ചപ്പോൾ സഹപാഠികളും, അദ്ധ്യാപകരും, ബന്ധുക്കളും നാട്ടുകാരും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും ജനപ്രതിനിധികളും അടക്കം ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.