നെടുമ്പാശേരി: സ്ട്രോക്ക് ബാധിച്ച് ഓർമ നഷ്ടപ്പെട്ട കിടപ്പ് രോഗിയായ പ്രവാസിയെ ഏറ്റെടുക്കാൻ കുടുംബം തയ്യാറാവാത്തതിനെ തുടർന്ന് കോതമംഗലം പീസ് വാലി ഏറ്റെടുത്തു. മസ്കറ്റിൽ പ്രവാസിയായ മലപ്പുറം എ. ആർ. നഗർ കൊളപ്പുറം സ്വദേശി കൃഷ്ണനെയാണ് (66) പീസ് വാലി ഏറ്റെടുത്തത്. കഴിഞ്ഞ ഏപ്രിൽ 25നാണ് അബോധാവസ്ഥയിൽ വഴിയരികിൽ കണ്ടെത്തിയ കൃഷ്ണനെ മസ്കറ്റ് പോലിസ് കൗല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ദീർഘ നാളത്തെ ചികിത്സക്ക് ശേഷം ബോധം തിരികെ കിട്ടിയ കൃഷ്ണനെ ഏറ്റെടുക്കാൻ കുടുംബം തയ്യാറായില്ല. തുടർന്ന് പീസ് വാലിയുടെ മസ്കറ്റ് ചാപ്റ്റർ പ്രവർത്തകർ വിഷയം ഏറ്റെടുക്കുകയും പീസ് വാലിയിൽ പ്രവേശിപ്പിക്കാനുള്ള നടപടികൾ കൈകൊള്ളുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ എംബസി അധികൃതർ എറണാകുളം ജില്ലാ കളക്ടറെ ബന്ധപെടുകയും കളക്ടർ പീസ് വാലിക്ക് ആവശ്യമായ ഉത്തരവുകൾ നൽകുകയും ചെയ്തു.

വൈകിട്ട് നാലിന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കൃഷ്ണനെ എത്തിച്ചത്. എയർപോർട്ടിൽ എത്തിയ പീസ് വാലി മെഡിക്കൽ സംഘം പ്രഥമിക പരിശോധനകൾക്ക് ശേഷം ആംബുലൻസിൽ പീസ് വാലിയിൽ എത്തിച്ചു.