കൊച്ചി: സമൂഹമാദ്ധ്യമത്തിൽ ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് പോസ്റ്റിട്ടതിന് നാഗ്പൂർ പൊലീസിന്റെ പിടിയിലായി റിമാൻഡിൽ കഴിയുന്ന ഇടപ്പള്ളി സ്വദേശി റിജാസ് എം. ഷിബാസൈദീക്കിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് എറണാകുളം വഞ്ചിസ്ക്വയറിൽ പ്രതിഷേധം സംഘടിപ്പിച്ച 13 പേർക്കെതിരെ പൊലീസ് കേസെടുത്തു. സിദ്ധിക്ക് കാപ്പൻ ഉൾപ്പെടെയുള്ളവരെയാണ് പ്രതി ചേർത്തതെന്ന് എറണാകുളം സെൻട്രൽ പൊലീസ് പറഞ്ഞു.

പൊലീസിന്റെ അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിനും മുദ്രാവാക്യം മുഴക്കിയതിനും ഗതാഗതത്തിന് തടസം സൃഷ്ടിച്ചതിനുമാണ് കേസ്. ഇന്നലെ വൈകിട്ട് 3.30നാണ് പ്രതിഷേധസമ്മേളനം ചേർന്നത്. മുപ്പതോളംപേർ പങ്കെടുത്തു. യോഗം കഴിഞ്ഞശേഷം പേരുവിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ച സെൻട്രൽ എസ്.ഐ അനൂപിനെ കൈയേറ്റംചെയ്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. കൈയാങ്കളിയിൽ എസ്.ഐയുടെ നെയിംപ്ലേറ്റ് ഇളകിവീണു. രണ്ട് പേരെയും പിന്നീട് ജാമ്യത്തിൽ വിട്ടു.

കഴിഞ്ഞ മേയിലാണ് റിജാസും സഹപ്രവർത്തക ഇഷകുമാരിയും നാഗ്പൂർ പൊലീസിന്റെ പിടിയിലായത്.