
ചോറ്റാനിക്കര: മാലിന്യമുക്തമായി പ്രഖ്യാപിച്ച ചോറ്റാനിക്കരയിൽ എത്തിയാൽ മൂക്കുപൊത്തണം. ലോകപ്രശസ്തമായ ചോറ്റാനിക്കര ക്ഷേത്രത്തിൽ ദിവസവും ദർശനത്തിനെത്തുന്ന പതിനായിരങ്ങളുടെ സന്തോഷം കെടുത്തും ഇവിടെയുള്ള ചീഞ്ഞഭക്ഷണ മാലിന്യത്തിന്റെ ദുർഗന്ധവും പ്ളാസ്റ്റിക് മാലിന്യത്തിന്റെ കാഴ്ചയും.
അഞ്ചുമാസം മുൻപാണ് ചോറ്റാനിക്കര പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി കളക്ടർ പ്രഖ്യാപിച്ചത്. പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികളും ഹരിത കർമസേനയും സംയുക്തമായി നടപ്പാക്കേണ്ട സംവിധാനത്തിൽ പലയിടത്തും ഏകോപനം ഇല്ലാത്തതിനാൽ മാലിന്യ നീക്കം തുടക്കത്തിലെ പാളി. തുടർന്ന് ശേഖരിച്ച മാലിന്യം കത്തിച്ചതായി യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു.
വാട്ടർ കിയോസ്കിന് സമീപം
ചോറ്റാനിക്കര പഞ്ചായത്ത് ലക്ഷക്കണക്കിന് രൂപ ചെലവാക്കി സ്ഥാപിച്ച വാട്ടർ കിയോസ്കിന് സമീപമാണ് മാലിന്യം കൂമ്പാരമായിരിക്കുന്നത്. ഇത് കഴിക്കാനെത്തുന്ന പക്ഷി മൃഗാദികൾ ഭക്ഷണാവശിഷ്ടങ്ങൾ റോഡിലേക്ക് വലിച്ചിടുന്നത് ചോറ്റാനിക്കര ഭഗവതി ദർശനത്തിന് ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്. ഒരു ലിറ്റർ വെള്ളം ഒരു രൂപയ്ക്ക് നൽകുന്ന വാട്ടർ കിയോസ്കിൽ നിന്ന് വെള്ളം ശേഖരിക്കുമ്പോൾ സമീപത്ത് നിന്നുയരുന്ന ദുർഗന്ധം മൂലം ബോധം പോകാതിരിക്കണമെങ്കിൽ ഓക്സിജൻ സിലിണ്ടർ കൈയിൽ കരുതണം.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രത്തിന് സമീപം മാലിന്യക്കൂമ്പാരം ആയിട്ടും അധികൃതർ ആരും തിരിഞ്ഞു നോക്കാറില്ല. പലവട്ടം പഞ്ചായത്ത് മെമ്പർമാരോട് പ്രദേശവാസികൾ പരാതി പറഞ്ഞുവെങ്കിലും ഹരിത കർമ്മസേനയും ഇങ്ങോട്ടേക്ക് എത്താറില്ല. കൊട്ടിഘോഷിച്ച് നടത്തിയ മാലിന്യമുക്ത പഞ്ചായത്ത് പദ്ധതി പ്രഖ്യാപനങ്ങളിൽ ഒതുങ്ങി.
ദേവസ്വം അധീനതയിലുള്ള ഭൂമിയിലെ മാലിന്യം നീക്കേണ്ട ഉത്തരവാദിത്വം ദേവസ്വത്തിനാണ്. അവർ ചെയ്യുന്നില്ലെങ്കിൽ ഹരിത കർമ്മ സേനയെ ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യും.
പ്രകാശൻ ശ്രീധരൻ
പഞ്ചായത്തംഗം