vattoli

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ. അഗസ്‌റ്റിൻ വട്ടോലി വികാരിപദം രാജിവച്ചു. സിറോമലബാർ സഭാ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാനയ്ക്ക് വിസമ്മതിച്ചാണ് രാജി. വരാപ്പുഴ കടമക്കുടി സെന്റ് അഗസ്‌റ്റിനോസ് പള്ളിയുടെ വികാരിയായിരുന്നു. ഇന്നലെ രാവിലെ രാജി കത്ത് നൽകിയ അദ്ദേഹം വൈകിട്ട് ഇടവക വിട്ടു.

അതിരൂപതയിൽ അഞ്ചു പതിറ്റാണ്ടായുള്ള ജനാഭിമുഖ കുർബാന നിലനിറുത്താൻ വൈദികർ നടത്തിയ സമരങ്ങളിൽ അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഇടവകയിൽ ഒരാളെങ്കിലും ഏകീകൃത കുർബാന സമർപ്പിക്കാൻ ആവശ്യപ്പെട്ടാൽ രാജിവയ്‌ക്കുമെന്നും അറിയിച്ചിരുന്നു. ഏകീകൃത കുർബാന ഒരു കുടുംബം ആവശ്യപ്പെട്ടതിനാലാണ് രാജിയെന്ന് കത്തിൽ പറഞ്ഞു. പൊതുരംഗത്തും അദ്ദേഹം സജീവമായിരുന്നു. ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ പ്രതിഷേധത്തിലും നിരവധി ജനകീയ സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

''രാജിവയ്‌ക്കാനുള്ള തീരുമാനം എന്റേതു മാത്രമാണ്. എവിടെ താമസിക്കും, എങ്ങനെ ഭക്ഷണം കഴിക്കും എന്നൊന്നും ഞാൻ ആലോചിച്ചിട്ടില്ല. ആകാശത്തിലെ പറവകളെ നോക്കാൻ പറഞ്ഞ യേശുവിന്റെ വാക്കുകൾ തന്നെ തുണയും ശക്തിയും പ്രതീക്ഷയും."

- ഫാ. അഗസ്‌റ്റിൻ വട്ടോലി