കൊച്ചി: ഇരുപതുവർഷംമുമ്പ് തുടങ്ങിയ കൊച്ചി മുനിസിപ്പൽ കോർപ്പഷേന്റെ പുതിയ ഓഫീസ് മന്ദിരനിർമ്മാണം അന്തിമഘട്ടത്തിൽ. തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പേ ആസ്ഥാനമാറ്റം യാഥാർത്ഥ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിലവിലെ കൗൺസിൽ.
കോർപ്പറേഷൻ അതിർത്തിയിലെ ഒരിടത്തുനിന്നും ഇവിടേക്ക് നേരിട്ട് ബസ് സൗകര്യം ലഭിക്കില്ലെന്നത് ജനങ്ങളെ വലയ്ക്കും. ഹൈക്കോടതി ജംഗ്ഷനിൽനിന്ന് അരകിലോമീറ്ററോളം അകലമുണ്ട് പുതിയ ഓഫീസ് മന്ദിരത്തിലേക്ക്. എന്നാൽ അതിന്റെയൊന്നും പാപഭാരം നിലവിലെ ഭരണസമിതിക്ക് ഏൽക്കേണ്ടിവരില്ലെന്നതാണ് ആശ്വാസം.
2005 ആഗസ്റ്റ് 6ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് പുതിയ മന്ദിരത്തിന് തറക്കല്ലിട്ടത്. അന്നുമുതൽ ഇടത്, വലത് മുന്നണികളിലായി 4കൗൺസിലുകൾ കോർപ്പറേഷൻ ഭരണം കൈയാളി. ഓരോ സമിതിയുടെ കാലഘട്ടത്തിലും എസ്റ്റിമേറ്റുകൾ പുതുക്കിയും തിരുത്തിയും 12.5കോടിക്ക് തുടങ്ങിയ പദ്ധതിയുടെ നിർമ്മാണ ചെലവ് 50കോടിയിൽ എത്തിച്ചതല്ലാതെ ഏതെങ്കിലും ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ആരും ഉപേക്ഷിക്കാൻ തയ്യാറായില്ല. എന്നിട്ടും 2005ൽ വിഭാവനംചെയ്ത മന്ദിരം പൂർത്തിയാക്കാനായില്ലെന്നുമാത്രം. നിലവിലുള്ള ഭരണസമിതി ആ ദൗത്യം വിജയിപ്പിച്ചാൽ 1967 നവംബർ 1ന് നിലവിൽവന്ന കൊച്ചി കോർപ്പറേഷനെ പുതിയ മന്ദിരത്തിൽ കുടിയിരുത്തിയ ഭരണക്കാർ എന്ന് ചരിത്രം വാഴ്ത്തും.
ഇലക്ട്രിക്കൽ, പ്ലംബിംഗ്, ഇന്റീരിയർ വർക്കുകളാണ് പുരോഗമിക്കുന്നത്.
തറക്കല്ലിട്ടത് 2005ൽ
മറൈൻഡ്രൈവിൽ കായലോരത്താണ് 1.78ലക്ഷം ചതുരശ്രഅടി വിസ്തീർണ്ണത്തിൽ ഏഴുനില മാളിക പൂർത്തിയാകുന്നത്
സദാ കുളിർകാറ്റിന്റെ പ്രവാഹമാണ് പുതിയ ഓഫീസിന്റെ മറ്റൊരു പ്രത്യേകത
ഓഫീസുകൾക്ക് ആവശ്യത്തിലേറെ സ്ഥലമുണ്ട്
നിലവിലെ ഓഫീസിനേക്കാൾ പാർക്കിംഗ് സൗകര്യവുമുണ്ട്
നേരിട്ട് ബസ് സർവീസ് ഇല്ലാത്ത സ്ഥലത്തേക്ക് നഗരസഭാ കാര്യാലയം മാറ്റുമ്പോൾ സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടാകും
വരുന്ന തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് പുതിയ ഓഫീസിലേക്ക് പ്രവർത്തനം മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ്. എന്ന് മാറാനാകുമെന്ന കാര്യം ഈ മാസം അവസാനത്തോടെ കൃത്യമായി തീരുമാനിക്കും.
അഡ്വ.എം. അനിൽകുമാർ, മേയർ