
കോലഞ്ചേരി: അപകടങ്ങൾ തുടർക്കഥയായ മണ്ണൂർ എം.സി റോഡിൽ നാട്ടുകാരുടെ നെഞ്ചിടിപ്പേറ്റി റോഡരികിൽ വെട്ടിയിട്ട മരം. വളവുകൾ നിറഞ്ഞതിനാൽ ദിനംപ്രതിയെന്നോണം അപകടങ്ങൾ നടക്കുന്ന മേഖലയിൽ ഏതുനിമിഷവും നിലംപൊത്താമെന്ന നിലയിൽ നിന്ന മരം നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് വെട്ടിയത്. എന്നാൽ, വെട്ടിയിട്ട മരം റോഡരികിൽ നിന്ന് മാറ്രാൻ ആരും തയ്യാറായില്ല. ഇതോടെ മേഖലയിൽ അപകടസാദ്ധ്യതയേറി.
അപകടകരമായ വളവുകളിലൊന്നാണ് അന്നപൂർണ ജംഗ്ഷനിലേത്. നെല്ലാട് നിന്നുള്ള റോഡ് വന്നുചേരുന്ന എം.സി റോഡിലെ ജംഗ്ഷനാണിത്. സമാന രീതിയിലാണ് എം.സി റോഡിൽ നിന്ന് വെങ്ങോല, പോഞ്ഞാശേരി റോഡിലേയ്ക്ക് കയറുന്ന കിഴക്കെകവലയും. രണ്ടിടത്തും കാഴ്ചമറയ്ക്കുന്ന വളവുകളാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ അഞ്ചിലധികം അപകടങ്ങൾ ഇവിടെ നടന്നു. ഈ സ്ഥലത്താണ് മരം വെട്ടിയിട്ടിരിക്കുന്നത്.
അന്നപൂർണ ജംഗ്ഷനിലും കിഴക്കെ കവലയിലും അപകട വളവെന്ന മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സിഗ്‌നൽ ശ്രദ്ധിക്കാതെയാണ് ഇപ്പോഴും വാഹനങ്ങളുടെ മരണപ്പാച്ചിൽ. കീഴില്ലം സ്‌കൂൾ ജംഗ്ഷനിൽ നിന്ന് മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോകുമ്പോൾ ഇറക്കം കഴിഞ്ഞുവരുന്ന വളവിലും സ്ഥിതി വിഭിന്നമല്ല. മഞ്ഞ സിഗ്‌നൽ സ്ഥാപിച്ചശേഷം റോഡിൽ അപകട വളവാണെന്ന് അറിയിക്കുന്ന സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചെങ്കിലും അപകടങ്ങൾ കുറയാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
കുരുതിക്കളം
മണ്ണൂരിൽ വാളകത്തേയ്ക്ക് തിരിയുന്ന ഭാഗം മുതൽ കീഴില്ലം അമ്പലംവരെയുള്ള വളവുകളും കയറ്റിറക്കങ്ങളുമാണ് റോഡിനെ കുരുതിക്കളമാക്കുന്നത്. റോഡ് നിർമ്മാണ ഘട്ടത്തിൽ ഭൂവുടമകളായ ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങൾക്ക് വഴങ്ങി അലൈൻമെന്റ് മാറ്റിയതാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പെരുമ്പാവൂരിലേയ്ക്ക് പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പടിഞ്ഞാറെ കവലയിൽ നിന്ന് എം.സി റോഡിലേയ്ക്ക് കടക്കുന്ന വാഹനങ്ങളെ വളവിലെത്തുമ്പോൾ മുൻകൂട്ടി കാണാൻ കഴിയാത്തത് അപകടങ്ങളുണ്ടാക്കുന്നുണ്ട്. വളവുതിരിഞ്ഞ് വരുമ്പോഴാകും പലപ്പോഴും വാഹനങ്ങൾ ശ്രദ്ധയിൽപ്പെടുന്നത്. പെട്ടെന്നുള്ള ബ്രേക്കിടലും വാഹനം വെട്ടിച്ചുമാറ്റാനുള്ള ശ്രമവും അപകടത്തിൽ കലാശിക്കുന്നു. റോഡിലെ വളവുകളെക്കുറിച്ചറിയാതെ എത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. ആധുനിക നിലവാരത്തിൽ പണി പൂർത്തിയാക്കിയതാണ് എം.സി റോഡ്. നിർമ്മാണകാലത്തു തന്നെ അപകടകരമായ വളവുകൾ കാരണം റോഡിൽ നിരവധി ജീവനുകൾ പൊലിഞ്ഞിരുന്നു.
മരത്തിന്റെ ഒരു ഭാഗം അടർന്ന് എം.സി റോഡ് വഴിപോയ വാഹനത്തിലേയ്ക്ക് വീണ സാഹചര്യത്തിലാണ് പരാതി നൽകിയത്. മരം വെട്ടിയിട്ടപ്പോൾ തന്നെ പൊതുമരാമത്ത് വിഭാഗത്തിന് അപകട സാദ്ധ്യത സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. രാത്രി കാലങ്ങളിൽ റോഡരികിൽ കിടക്കുന്ന മരത്തിൽ വാഹനങ്ങളിടിച്ച് അപകടമുണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്.
കെ.ആർ. ജയശേഖർ
പൊതുപ്രവർത്തകൻ, മണ്ണൂർ