മട്ടാഞ്ചേരി:തൊഴിലാളി വർഗത്തിന്റെ സമരചരിത്രങ്ങളിൽ തങ്ക ലിപികളാൽ എഴുതി ചേർത്ത മട്ടാഞ്ചേരി വെടിവയ്പ്പ് നടന്നിട്ട് ഇന്ന് 72 വർഷം തികയുന്നു. കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന പ്രാകൃത തൊഴിൽ സമ്പ്രദായമായ ചാപ്പയ്ക്കെതിരെയുള്ള തൊഴിലാളികളുടെ ചെറുത്ത് നിൽപ്പിന്റെ പര്യവസാനമായിരുന്നു മട്ടാഞ്ചേരി വെടിവയ്പ്പ്. 72-ാം വാർഷികത്തിന്റെ ഭാഗമായി സി.പി.ഐയും സി.പി.എമ്മും വെവ്വേറെയാണ് അനുസ്മരണം സംഘടിപ്പിച്ചിട്ടുള്ളത്. ഇരു പാർട്ടികളും വെവ്വേറെ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തും. സി.പി.ഐയുടെ നേതൃത്വത്തിൽ രാവിലെ ഏഴിന് പുതിയ റോഡ് ജംഗ്ഷനിൽ നിന്ന് പ്രകടനമായി എത്തി ചക്കരയിടുക്കിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. ജില്ലാ കമ്മിറ്റിയംഗം ടി.കെ ഷബീബ് പതാക ഉയർത്തും. വൈകിട്ട് നാഥം കമ്പനി ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി എൻ.അരുൻ ഉദ്ഘാടനം ചെയ്യും. സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഈരവേലി ജംഗ്ഷനിൽ നിന്ന് പ്രകടനമായി ചക്കരയിടുക്കിൽ അനുസ്മരണം നടത്തും. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇരു പാർട്ടികളും വെവ്വേറെ ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ചോര വീണ് മട്ടാഞ്ചേരി ചുവന്ന ദിനം

1953 ജൂലായ് ഒന്നിനാണ് സാഗർവീണ കപ്പലിലെ ചരക്കിറക്കുന്നതുമായി ബന്ധപെട്ട് തൊഴിലാളികളുടെ സമരം ആരംഭിക്കുന്നത്. സമരം തുടങ്ങി എഴുപത്തിയഞ്ചാം ദിവസമാണ് വെടിവയ്പ്പ് നടക്കുന്നത്. സമര നേതാവ് ടി.എം അബുവിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയാണ് തൊഴിലാളികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ഒരു ഭാഗത്ത് തോക്കും ലാത്തിയുമായി സായുധ സേനയും മറുഭാഗത്ത് ചെങ്കൊടിയും മൂവർണ കൊടിയുമേന്തിയ തൊഴിലാളികളും. പൊലീസ് വെടി ഉതിർത്തതോടെ തൊഴിലാളികൾ കയ്യിൽ കിട്ടിയതെല്ലാം കൊണ്ട് പൊലീസിനെ നേരിട്ടു. വെടിവയ്പ്പിൽ സെയ്ത്, സെയ്താലി എന്നീ തൊഴിലാളികൾ മരിച്ച് വീണു. ആന്റണി പൊലീസിന്റെ കൊടിയ മർദനത്തിനിരയായി പിന്നീട് മരണത്തിന് കീഴടങ്ങി.

അതി ഹീനമായിരുന്നു കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായം. കപ്പലുകളിൽ എത്തുന്ന ചരക്ക് ഇറക്കാനുള്ള ഉത്തരവാദിത്വം സ്റ്റീവ് ഡോർമാർക്കായിരുന്നു. ഇവർക്ക് തൊഴിലാളികളെ കൊടുത്തിരുന്നത് മൂപ്പൻമാരെന്ന് വിളിക്കുന്ന കങ്കാണിമാരും. ഇവർ തൊഴിലാളികളെ കണ്ടെത്താൻ പ്രയോഗിച്ചിരുന്ന മാർഗമായിരുന്നു ചാപ്പയേറ്. ചാപ്പ കങ്കാണിമാർ കൂട്ടമായി എത്തുന്ന തൊഴിലാളികൾക്കിടയിലേക്ക് വലിച്ചെറിയും. ഇത് നേടിയെടുക്കാൻ തൊഴിലാളികൾ പരസ്പരം പോരടിക്കുന്ന കാഴ്ച ദയനീയമായിരുന്നു. ചാപ്പ സമ്പ്രദായം അവസാനിപ്പിച്ച് പോർട്ട് ആൻഡ് ലേബർ വർക്കേഴ്സ് ആക്ട് നടപ്പാക്കണമെന്നതായിരുന്നു ആവശ്യം. വിശപ്പകറ്റാനും അന്തസായി ജീവിക്കാനും സമരത്തിനിറങ്ങിയ തൊഴിലാളികളുടെ ചോര വീണ് മട്ടാഞ്ചേരി ചുവന്ന ആ ദിനം തൊഴിലാളികളുടെ ഓർമയിൽ തിളങ്ങി നിൽക്കും.