എല്ലാക്കാലത്തും ലൈംഗിക വൈകൃതങ്ങളും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും ഉണ്ടായിരുന്നെങ്കിലും അവയെക്കുറിച്ചുള്ള വാർത്തകൾ പലപ്പോഴും നമ്മുടെ മുന്നിൽ എത്തിയിരുന്നില്ല. പുതിയ കാലത്ത് ലഭ്യമായ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സാദ്ധ്യതകൾ
ലൈംഗിക വൈകൃതങ്ങളുടെയും മറ്റും വാർത്തകൾ വഴിയാണ് കൂടുതലായി പുറത്തുവന്നു തുടങ്ങിയത്. ഒരേ സമയം നിരവധി പങ്കാളികൾ മുതൽ
മറ്റൊരാളുമായി പങ്കാളി ശാരീരികബന്ധം പുലർത്തുന്നത് വരെ ഭർത്താക്കന്മാർ ആസ്വദിക്കുന്നത് (കുക്‌ഹോൾഡ്) ഉൾപ്പെടെയുള്ള വൈകൃതങ്ങൾ പണ്ടുമുണ്ടായിരുന്നു. ഇപ്പോൾ ഇരകൾ അതു തുറന്നു പറയാൻ ധൈര്യം കാട്ടുന്നുവെന്നു മാത്രം. പല തരത്തിലുള്ള മാനസിക വൈകൃതങ്ങൾ നമ്മുടെ സമൂഹത്തിൽ പലരിലും ഏറിയും കുറഞ്ഞും കാണാറുണ്ടെങ്കിലും മാനഹാനി ഭയന്ന് അടക്കിവയ്‌ക്കുകയാണ്. ഒരു തവണ പിടിക്കപ്പെട്ടില്ലെന്നു കരുതി ആവർത്തിക്കുകയും ഒടുവിൽ പിടിയിലാവുകയും ചെയ്യുന്നു. കുറച്ചു കാലം മുൻപ് വരെ, ചൂഷണങ്ങൾക്ക് ഇരയായ കുട്ടികളുമായി മന:ശാസ്ത്രജ്ഞരെ കാണാൻ വന്നിരുന്ന രക്ഷിതാക്കൾ പരാതികൾ മൂടി വയ്‌ക്കാനാണ് ശ്രമിച്ചിരുന്നത് . കുട്ടികളുടെ ഭാവിയെ ഓർത്തായിരുന്നു ഈ വേവലാതി. ഇത് കുറ്റവാളികൾക്ക് അവസരമായിരുന്നു. ഈ സാഹചര്യം മാറി. ഇനിയൊരു കുട്ടിക്കും ഈ അവസ്ഥയുണ്ടാകരുതെന്നു പറയുന്ന രക്ഷിതാക്കളുടെ എണ്ണം കൂടി. ഇക്കാര്യത്തിൽ താരതമ്യേന അച്ഛന്മാരാണ് കൂടുതൽ ധൈര്യം കാട്ടുന്നത് എന്ന് പറയാം .
ലൈംഗിക പ്രശ്‌നങ്ങൾക്കു പരിഹാരം തേടി വരുന്നവർ കുറവാണ്. താത്പര്യമില്ലായ്മ, ഉദ്ധാരണശേഷിക്കുറവ്, രോഗങ്ങൾ തുടങ്ങിയവയ്‌ക്ക് പരിഹാരം തേടിയാണ് പലരും വരുന്നത്. കുടുംബപ്രശ്‌നങ്ങളുമായി വരുന്നവേരാട് ആവർത്തിച്ചു ചോദിക്കുമ്പോഴാണ് പല വൈകൃതങ്ങളും വെളിപ്പെടുന്നത്. മറ്റു പുരുഷന്മാരുമായി ബന്ധപ്പെടുന്നത് കാണണമെന്ന് ആവശ്യപ്പെടുന്ന ഭർത്താക്കന്മാർ, അകാരണ ഭയമുള്ളവർ, പങ്കാളിയെ ശാരീരികമായി ഉപദ്രവിക്കുന്നവർ, മറ്റ് വൈകൃതങ്ങളുള്ളവർ എന്നിങ്ങനെ ഒട്ടേറെ കേസുകൾ. വൈകൃതങ്ങൾ തെറ്റല്ലെന്നും സമൂഹത്തിൽ പതിവാണെന്നും പങ്കാളിയെ ബോദ്ധ്യപ്പെടുത്താൻ പലർക്കും കഴിയുന്നു. എല്ലാ പ്രായക്കാരിലും ഇതു കണ്ടിട്ടുണ്ട്.
വിദ്യാസമ്പന്നരെന്ന് അവകാശപ്പെടുമ്പോഴും മലയാളികൾക്ക് പൊതുവേ ലൈംഗിക സാക്ഷരത കുറവാണ്. പോൺ വീഡിയോകൾ കണ്ടശേഷം, അതുപോലെ ജീവിതത്തിൽ ചെയ്യാനാവുന്നില്ലെന്ന പരാതിയുമായി വരുന്നവരും ധാരാളമുണ്ട് .
(സൈക്കോളജിസ്റ്റ്, റിതു സെന്റർ ഫോർ സൈക്കോളജിക്കൽ വെൽനസ്, എറണാകുളം)