dog

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ തെരുവുനായകളുടെ വിളയാട്ടം. തെരുവുനായ്ക്കളെ വന്ധ്യംകരണത്തിനു വിധേയരാക്കി എണ്ണം നിയന്ത്രിക്കാൻ നടപ്പാക്കുന്ന എ.ബി.സി പദ്ധതിക്ക് 3 വർഷമായി നഗരസഭ ഫണ്ട് അനുവദിക്കുന്നില്ല. സാങ്കേതിക തകരാർ മൂലം ഫണ്ട് ലഭ്യമാക്കാൻ കഴിയുന്നില്ലെന്നാണ് നഗരസഭയുടെ വിശദീകരണം.

നഗരസഭ കൗൺസിലർ ജിനു ആന്റണി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിക്കു നൽകിയ ഹർജിയെ തുടർന്നാണ് നഗരസഭ എ.ബി.സി പദ്ധതി നടപ്പാക്കുന്നില്ലെന്നു വ്യക്തമായത്. ഇരുപത്തിയൊന്നാം വാർഡിൽ തെരുവുനായ്ക്കളുടെ ശല്യം വർദ്ധിക്കുകയും ജനങ്ങൾക്ക് തെരുവുനായ്ക്കളുടെ ആക്രമണം നേരിടേണ്ടി വരികയും ചെയ്തതോടെയാണ് ജിനു ആന്റണി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിക്കു പരാതി നൽകിയത്.

ഹർജിക്കാരന്റെയും നഗരസഭയുടെയും വിശദമായ വാദം കേട്ട ശേഷം ഓഗസ്റ്റ് 15നു മുൻപ് തെരുവുനായ്ക്കളെ നീക്കണം എന്ന് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ഉത്തരവിട്ടിരുന്നു. എന്നാൽ,​ നഗരസഭ നിർദേശിച്ചിട്ടും പട്ടിപിടിത്തക്കാർ ആരും മുന്നോട്ടു വന്നില്ല. വർഷങ്ങൾക്കു മുൻപ് നടപ്പാക്കിയ എ.ബി.സി പദ്ധതി പ്രകാരമുള്ള പണം കുടിശികയായതിനാൽ ഇവർക്ക് കൂലി ലഭിച്ചിരുന്നില്ല. തുടർന്നാണ് സാങ്കേതിക തകരാർ മൂലം എ.ബി.സി പദ്ധതിക്ക് പണം ലഭ്യമാക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമായത്. എന്നാൽ,​ സാങ്കേതിക തടസം ഉള്ള കാര്യം എ.ബി.സി മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളെയോ കൗൺസിലർമാരെയോ അറിയിച്ചിരുന്നില്ല. വാർഷിക പദ്ധതികൾക്കൊപ്പം എ.ബി.സി പദ്ധതിക്കും കൃത്യമായി തുക മാറ്റിവയ്ക്കണം എന്ന നിർദേശം ഉള്ളപ്പോഴാണ് നഗരസഭയുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായിരിക്കുന്നത്.