
ചോറ്റാനിക്കര: ദ്വാപരയുഗത്തെ അനുസ്മരിപ്പിച്ച് ചോറ്റാനിക്കരയിലും തൃപ്പൂണിത്തുറയിലും ശ്രീകൃഷ്ണ ജയന്തി ആഘോഷം. വിവിധ ക്ഷേത്രങ്ങളുടെ നേതൃത്വത്തിലും ബാലഗോകുലം നേതൃത്വത്തിലും നടന്ന ശോഭായാത്രകളിൽ ഉണ്ണിക്കൃഷ്ണ വേഷം ധരിച്ച കുട്ടികളും നിശ്ചല ദൃശ്യങ്ങളും ശ്രീകൃഷ്ണാവതാര കഥകളെ ഓർമ്മിപ്പിക്കുന്നതായി. ക്ഷേത്ര പരിസരങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും നടന്ന ഉറിയടി, രാധാകൃഷ്ണ നൃത്തം, ഗോപികാനൃത്തം എന്നിവ അമ്പാടിയെയും മഥുരയെയും അനുസ്മരിപ്പിച്ചു.
ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ചോറ്റാനിക്കര ദേവീക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിലും, ബാലഗോകുലത്തിന്റെ നേതൃത്വത്തിലും, കണയന്നൂർ ശ്രീമഹാദേവക്ഷേത്രത്തിന്റെ, കുരീക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രകൾ അമ്പാടിമലയിൽ സംഗമിച്ച് ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നടപ്പന്തലിൽ സമാപനം കുറിച്ചു. ശ്രീകൃഷ്ണ അവതാരവുമായി ബന്ധപ്പെട്ട് വേഷങ്ങളും നിശ്ചല ദൃശ്യങ്ങളും ദശാവതാര ദൃശ്യങ്ങളും മറ്റ് പുരാണ കഥാദൃശ്യങ്ങളും ശോഭായാത്രയിൽ അണി നിരന്നു. ഇതോടൊപ്പം സൗപർണിക നൃത്ത വിദ്യാലയം, തപസ്യ നൃത്ത വിദ്യാലയം, ശ്രീഭദ്ര നൃത്തവിദ്യാലയം തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗോപിക നൃത്തം, ഉറിയടി തുടങ്ങിയവയും ഉണ്ടായിരുന്നു.