കൊച്ചി: മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനാഘോഷമായ അമൃതവർഷം 72ന്റെയും കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെയും ഭാഗമായി അമൃത ആശുപത്രി 'മാതൃസ്പർശം" സൗജന്യ പീഡിയാട്രിക് കാർഡിയോളജി മെഗാക്യാമ്പ് സംഘടിപ്പിച്ചു.
ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ഒഡിഷ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ മനാഷ് രഞ്ജൻ സാഹു, കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡ് അസിസ്റ്റന്റ് ജനറൽ മാനേജർ ബിന്ദു കൃഷ്ണ, അമൃതയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാർ, ഡോ. ബ്രിജേഷ്, ഡോ. പ്രതാപൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പ്രവർത്തനങ്ങളിൽ ആർദ്രതയും കാരുണ്യവും ഉണ്ടാകണമെന്ന് മാതാ അമൃതാനന്ദമയി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അമൃതയും ഒഡിഷ ആരോഗ്യ സർവകലാശാലയും തമ്മിലുള്ള ധാരണാപത്രവും ചടങ്ങിൽ കൈമാറി.
തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, ബിഹാർ, ജമ്മു തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് അഞ്ഞൂറോളം കുട്ടികളും കുടുംബങ്ങളും ക്യാമ്പിൽ പങ്കെടുത്തു.