* സിറ്റി ഒബ്സർവേറ്ററി സിസ്റ്റം ലക്ഷ്യം
കൊച്ചി: അനുദിനം വളരുന്ന കൊച്ചി നഗരത്തെക്കുറിച്ച് പഠനവുമായി മുംബയ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസിലെ ബി.എസ് അനലിറ്റിക്സ് ആൻഡ് സസ്റ്റെയിനബിലിറ്റി സ്റ്റഡീസ് വിദ്യാർത്ഥികൾ കൊച്ചി നഗരത്തിൽ. സെപ്തംബർ അഞ്ചിനാരംഭിച്ച പഠനം നാളെ അവസാനിക്കും. തൃക്കാക്കര ഭാരത് മാതാ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗമാണ് പഠനപ്രവർത്തനങ്ങൾക്കാവശ്യമായ സഹായങ്ങൾ നൽകുന്നത്.
നഗരത്തിലെ വിവിധ മേഖലകളെ ചിട്ടയോടെ രേഖപ്പെടുത്തുകയും വിശകലനം ചെയ്യുകയും അറിവ് പങ്കുവയ്ക്കുകയും ചെയ്യുന്ന 'സിറ്റി ഒബ്സർവേറ്ററി സിസ്റ്റം'' കൊച്ചിയിൽ സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കുകയാണ് നഗരഅനുഭവപഠനത്തിന്റെ പ്രധാനലക്ഷ്യം. നഗര വികസനത്തിന്റെ നയനിർമ്മാണത്തെ ശക്തിപ്പെടുത്താനും, സുസ്ഥിര നഗരപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും സമൂഹാടിസ്ഥാനത്തിലുള്ള ഇടപെടലുകൾക്ക് ശക്തിപകരാനും സഹായിക്കുന്ന തരത്തിലാണ് പഠനപ്രവർത്തനങ്ങൾ.
എന്തുകൊണ്ട് കൊച്ചി?
സാമൂഹിക,രാഷ്ട്രീയ സംഘടനകൾ സജീവം, അതിവേഗത്തിലുള്ള നഗരവത്കരണം, ഗതാഗത രംഗത്തെ വളർച്ച എന്നിവയാണ് കൊച്ചി നഗരത്തെ പഠനത്തിനായി തിരഞ്ഞെടുക്കാൻ കാരണം. ഗതാഗതരംഗത്തെ വെല്ലുവിളികൾ, പരിസ്ഥിതി ദുർബലതകൾ തുടങ്ങി കൊച്ചി നേരിടുന്ന പ്രശ്നങ്ങളും പഠനവിധേയമാക്കും. കൊച്ചിക്കും ഇന്ത്യയിലെ മറ്റു നഗരങ്ങൾക്കും പ്രായോഗികമായ അറിവുകൾ സൃഷ്ടിക്കാൻ കൂടിയാണ് ഇത്തരമൊരു പഠനമെന്ന് അധികൃതർചൂണ്ടിക്കാട്ടുന്നു.
ഉദ്യമം ഇങ്ങനെ
രണ്ടാഴ്ച നീളുന്ന പഠനത്തിന്റെ അവസാനം ഗതാഗതം, പാർപ്പിടം, സേവനങ്ങൾ, സുസ്ഥിരത എന്നീ മേഖലകളിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിച്ച് 'സിറ്റി-ലെവൽ സ്പെഷ്യൽ ഡാഷ്ബോർഡ്' വിദ്യാർത്ഥികൾ തയ്യാറാക്കും. സുസ്ഥിര നഗരപ്രവർത്തനങ്ങളുടെ കേസ് സ്റ്റഡികളും തയ്യാറാക്കും
ഇവ കൊച്ചി കോർപ്പറേഷൻ, സാമൂഹിക കൂട്ടായ്മകൾ, അക്കാഡമിക് സമൂഹം എന്നിവയുമായി പങ്കുവയ്ക്കും.
പ്രധാന ലക്ഷ്യങ്ങൾ: പഠന മേഖലകൾ
1 നഗര ഗതാഗത സംവിധാനങ്ങളുടെ ഏകീകരണം. നഗരത്തിലേക്കുള്ള പ്രവേശന സൗകര്യം, 'ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ" കണക്ടിവിറ്റി.
2 കൊച്ചിയുടെ സാമ്പത്തിക മേഖലയിലെ നിർണായ സ്വാധീനമായ അന്യസംസ്ഥാന തൊഴിലാളികളുടെ ജോലി, ജീവിതസാഹചര്യങ്ങൾ എന്നിവ
3 കൊച്ചിയുടെ ആരോഗ്യ, വിദ്യാഭ്യാസരംഗങ്ങൾ, അവയിൽ ദുർബല വിഭാഗങ്ങളുടെ സാന്നിദ്ധ്യം
4 കുടുംബശ്രീ ഇടപെടലുകൾ
5 മാലിന്യ സംസ്കരണം, ഹരിതകർമ്മസേന മാതൃക